കൊച്ചി: പാലാരിവട്ടം ചക്കരപ്പറമ്പിന് സമീപം ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ മീഡിയനിലെ മരത്തിൽ ഇടിച്ച് അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തൃശൂർ വെമ്പല്ലൂർ കട്ടൻബസാർ കറപ്പംവീട്ടിൽ അഷ്റഫിന്റെ മകൻ കെ എ മുഹമ്മദ് ആഷിഖാണ് (25) മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ആഷിഖ് ഇന്നലെ രാത്രി എട്ടരയ്ക്കാണ് മരിച്ചത്.

നവംബർ ഒന്നിന് പുലർച്ചെ ഒന്നിനാണ് അപകടം നടന്നത്. വൈറ്റില ഭാഗത്തുനിന്ന് ഇടപ്പള്ളി ഭാഗത്തേക്കു പോകുകയായിരുന്നു. ബൈക്കിൽ ഇടിച്ച ശേഷം നിയന്ത്രണം വിട്ട കാർ മീഡിയനിലെ മരത്തിലിടിച്ച് മറിയുകയായിരുന്നു. കാറിൽ കൂടെയുണ്ടായിരുന്ന 2019ലെ മിസ് കേരളയും ആറ്റിങ്ങൽ സ്വദേശിയുമായ അൻസി കബീർ (25), 2019ലെ മിസ് കേരള റണ്ണറപ്പും തൃശൂർ സ്വദേശിയുമായ അഞ്ജന ഷാജൻ (24) എന്നിവർ അന്നുതന്നെ മരിച്ചു. കാറോടിച്ചിരുന്ന തൃശൂർ മാള സ്വദേശി അബ്ദുൽ റഹ്മാൻ ചികിത്സയിലാണ്

ഫോർഡ് ഫിഗോ കാറിലായിരുന്നു ഇവർ സഞ്ചരിച്ചിരുന്നത്. മുന്നിൽ പോകുകയായിരുന്ന ബൈക്കിൽ ഇടിച്ച ശേഷം നിയന്ത്രണം നഷ്ടപ്പെട്ട് മരത്തിൽ ഇടിച്ച് കാർ തകരുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ചു തന്നെ അൻസി കബീറും അഞ്ജന ഷാജനും മരണപ്പെട്ടു. ബൈക്കിന് പിന്നിൽ ഇടിച്ച ശേഷം കാറിന്റെ ടയറുകൾ ഇടതു വശത്തെ ഡിവൈഡർ കടന്ന് മുന്നോട്ട് പോയി മരത്തിൽ ഇടിച്ച് കാനയിലേക്ക് മറിയുകയായിരുന്നു. ബൈക്കിൽ സഞ്ചരിച്ചിരുന്നയാൾ തെറിച്ച് വശത്തേക്ക് വീണതിനാൽ വലിയ പരിക്കുകൾ ഏൽക്കാതെ രക്ഷപെട്ടു. . മരത്തിലിടിച്ച കാറിന്റെ ടയറുകൾ വളഞ്ഞൊടിഞ്ഞു. പിൻ ചക്രങ്ങളിലൊന്ന് നൂറുമീറ്ററോളം അകലേക്ക് തെറിച്ചു പോയി. വീണ്ടെടുക്കാനാവാത്തവിധം വാഹനം പൂർർണമായും തകർന്നിരുന്നു.

Leave a Reply