തദ്ദേശ തിരഞ്ഞെടുപ്പ്: ആന്റി ഡീഫെയ്സ്മെന്റ് സ്‌ക്വാഡ് രൂപീകരിക്കാന്‍ നിർദ്ദേശം.

തിരുവനന്തപുരം:തദ്ദേശഭരണ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ത്ഥികളും നടത്തുന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ നിയമാനുസൃതമാണോ എന്ന് പരിശോധിക്കുന്നതിനായി ആന്റി ഡീഫെയ്സ്മെന്റ് സ്‌ക്വാഡ് രൂപീകരിക്കുവാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലാ തലത്തില്‍, വരണാധികാരിയല്ലാത്ത അസിസ്റ്റന്റ് കളക്ടറുടേയോ സബ് കളക്ടറുടേയോ ഡെപ്യൂട്ടി കളക്ടറുടേയോ നേതൃത്വത്തിലുള്ള ഒരു സ്‌ക്വാഡും താലൂക്ക് തലത്തില്‍ തഹസില്‍ദാര്‍/ഗസറ്റഡ് റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വ്ത്തില്‍ സ്‌ക്വാഡും രൂപീകരിക്കണം.

നോട്ടീസുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍, പോസ്റ്ററുകള്‍, ചുവരെഴുത്തുകള്‍, മൈക്ക് അനൗണ്‍സ്മെന്റ്, മീറ്റിംഗുകള്‍, മറ്റ് സാമൂഹ്യ മാധ്യമങ്ങള്‍ മുഖേനയുള്ള പ്രചാരണ പരിപാടികള്‍ എന്നിവയുടെ നിയമസാധുത പരിശോധിക്കണം. പ്ലാസ്റ്റിക്, ഫ്ലക്സ്, മുതലായവയുടെ ഉപയോഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി കമ്മീഷന്‍ 28/10/2020 തീയതിക്ക് ബി1/34970/2019 നമ്പര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അവയിലെ നിര്‍ദ്ദേശങ്ങളും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണം.

നിയമപരമല്ലാത്ത പ്രചാരണ പരിപാടികള്‍ ഉടന്‍ നിര്‍ത്തി വയ്പ്പിക്കേണ്ടതും പോസ്റ്ററുകളോ ബോര്‍ഡുകളോ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശിക്കേണ്ടതുമാണ്. ഇപ്രകാരമുള്ള നിര്‍ദ്ദേശം പാലിക്കുന്നില്ലെങ്കില്‍ അവ നീക്കം ചെയ്യുന്നതിന് നടപടി സ്വീ കരിക്കേണ്ടതും അത് സംബന്ധിച്ച ചെലവ് ബന്ധപ്പെട്ടവരില്‍ നിന്ന് ഈടാക്കുന്നതിന് നിരീക്ഷകരുടെ ശ്രദ്ധയില്‍പ്പെടുത്തി നടപടി സ്വീകരിക്കണം.
മേല്‍പ്പറഞ്ഞവരെ നിയമിക്കുന്നതു സംബന്ധിച്ച് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ പുറപ്പെടുവിക്കുന്ന ഉത്തരവിന്റെ പകര്‍പ്പ് കമ്മീഷനില്‍ ലഭ്യമാക്കേണ്ടതാണെന്ന് കമ്മീഷണര്‍ നിര്‍ദ്ദേശിച്ചു.

തദ്ദേശ തിരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥികളുടെ യോഗ്യതകളും അയോഗ്യതകളും

ദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നതിനുള്ള സ്ഥാനാര്‍ത്ഥികളുടെ യോഗ്യതകളും അയോഗ്യതകളും കേരള പഞ്ചായത്ത് രാജ് ആക്ടിലെ 29 മുതല്‍ 34 വരെയുള്ള വകുപ്പുകളിലും കേരള മുനിസിപ്പാലിറ്റി ആക്ടിലെ 85 മുതല്‍ 90 വരെയുള്ള വകുപ്പുകളിലും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. അവ സംബന്ധിച്ച നിയമങ്ങളും ചട്ടങ്ങളും പരിശോധിച്ച് വേണം വരണാധികാരികള്‍ സ്ഥാനാര്‍ത്ഥികളുടെ യോഗ്യതകളും അയോഗ്യതകളും നിശ്ചയിക്കേണ്ടത് എന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ അറിയിച്ചു.

തദ്ദേശ സ്ഥാപനത്തില്‍ മത്സരിക്കുന്ന ഒരാള്‍ക്ക് ആ സ്ഥാപനത്തിലെ ഏതെങ്കിലും വാര്‍ഡിലെ വോട്ടര്‍ പട്ടികയില്‍ പേരുണ്ടായിരിക്കുകയും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്ന തീയതിയില്‍ 21 വയസ്സ് പൂര്‍ത്തിയായിരിക്കുകയും വേണം. ഒരു വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയെ നാമനിര്‍ദ്ദേശം ചെയ്യുന്നയാള്‍ അതേ വാര്‍ഡിലെ വോട്ടര്‍ പട്ടികയില്‍ തന്നെ പേരുള്ള ആളായിരിക്കണം.സംവരണ സീറ്റില്‍ മത്സരിക്കുന്നയാള്‍ ആ സംവരണ വിഭാഗത്തില്‍പ്പെട്ട ആളായിരിക്കണം. പട്ടികജാതി, പട്ടികവര്‍ഗ്ഗ സംവരണ വാര്‍ഡുകളില്‍ മത്സരിക്കുന്നവര്‍ തഹസില്‍ദാറില്‍ നിന്നു ലഭിച്ച ജാതിസര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. 3 വര്‍ഷ സാധുതാകാലയളവുള്ള ജാതി സര്‍ട്ടിഫിക്കറ്റുകളും ഇതിന് പരിഗണിക്കേണ്ടതാണ്.

സംസ്ഥാന സര്‍ക്കാരിന്റേയോ കേന്ദ്ര സര്‍ക്കാരിന്റേയോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയോ അവ നിയന്ത്രിക്കുന്ന കോര്‍പ്പറേഷനുകളിലേയോ എല്ലാ വിഭാഗം ഉദ്യോഗസ്ഥരും ജീവനക്കാരും തദ്ദേശ തിരഞ്ഞെടുപ്പിന് സ്ഥാനാര്‍ത്ഥിയാകുന്നതിന് അയോഗ്യരാണ്.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും 51 ശതമാനത്തില്‍ കുറയാതെ ഓഹരിയുള്ള കമ്പനികളിലും സഹകരണ സംഘങ്ങളിലുമുള്ള ജീവനക്കാര്‍ക്കും മത്സരിക്കുന്നതിന് യോഗ്യതയില്ല.

സംസ്ഥാനത്തെ ഏതെങ്കിലും ബോര്‍ഡിലോ സര്‍വ്വകലാശാലയിലോ ഉള്ള ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും സ്ഥാനാര്‍ത്ഥിയാകുന്നതിന് യോഗ്യതയില്ല. പാര്‍ട്ട് ടൈം ജീവനക്കാരും ഓണറേറിയം കൈപ്പറ്റുന്ന ജീവനക്കാരും ഇതില്‍ ഉള്‍പ്പെടും.അംഗണവാടി ജീവനക്കാര്‍ക്കും ബാലവാടി ജീവനക്കാര്‍ക്കും ആശാവര്‍ക്കര്‍മാര്‍ക്കും പഞ്ചായത്ത്, മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിന് അയോഗ്യത ഉണ്ടായിരിക്കുന്നതല്ല. എന്നാല്‍ സാക്ഷരതാ പ്രേരക് മാര്‍ക്ക് പഞ്ചായത്തുകളില്‍ മാത്രമേ മത്സരിക്കാന്‍ യോഗ്യത ഉള്ളു.
സര്‍ക്കാരിന് 51 ശതമാനം ഓഹരിയില്ലാത്ത പ്രാഥമിക സര്‍വ്വീസ് സഹകരണ സംഘങ്ങളിലെ ജീവനക്കാര്‍ക്ക് മത്സരിക്കുന്നതിന് അയോഗ്യതയില്ല.

കെ.എസ്സ്.ആര്‍.റ്റി.സി യിലെ ജീവനക്കാര്‍, എംപാനല്‍ കണ്ടക്ടര്‍മാര്‍, ഇലക്ട്രിസിറ്റി ബോര്‍ഡ് ജീവനക്കാര്‍, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലൂടെ 179 ദിവസത്തേയ്ക്കു് നിയമിക്കപ്പെടുന്ന താത്കാലിക ജീവനക്കാര്‍ എന്നിവര്‍ക്ക് മത്സരിക്കുന്നതിന് അയോഗ്യതയുണ്ട്.കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സന്‍മാര്‍ ജീവനക്കാരല്ലാത്തതിനാല്‍ മത്സരിക്കുതിന് അയോഗ്യത ഉണ്ടായിരിക്കുന്നതല്ല. തദ്ദേശ സ്ഥാപനങ്ങളിലെ സി.ഡി.എസ്സ് അക്കൗണ്ടന്റുമാര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അയോഗ്യത ഉണ്ടായിരിക്കും.
സര്‍ക്കാരുമായോ തദ്ദേശ സ്ഥാപനവുമായോ നിലവിലുള്ള കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ള ഒരാള്‍ അയോഗ്യനാണ്. മുമ്പ് ഏതെങ്കിലും കരാറിലോ പണിയിലോ അവകാശമുണ്ടായിരുന്നു എന്ന കാരണത്താല്‍ അയോഗ്യത ഉണ്ടായിരിക്കുന്നതല്ല.

സമൂഹത്തിന്റെ നന്‍മയ്ക്കുവേണ്ടി ഒരു പ്രതിനിധി എന്ന നിലയില്‍ പഞ്ചായത്തിലെയോ മുനിസിപ്പാലിറ്റിയിലെയോ ഏതെങ്കിലും പണി ഏറ്റെടുക്കുന്നവര്‍ക്ക് അയോഗ്യതയില്ല. തദ്ദേശ സ്ഥാപനത്തിന്റെ ഒരു കെട്ടിടമോ കടമുറിയോ വ്യാപാരാവശ്യത്തിനു വാടക വ്യവസ്ഥയിലോ പാട്ട വ്യവസ്ഥയിലോ ഏറ്റെടുത്തിട്ടുണ്ടെങ്കില്‍ അതും അയോഗ്യതയല്ല.

സര്‍ക്കാരിലേയ്‌ക്കോ തദ്ദേശ സ്ഥാപനങ്ങളിലേയ്‌ക്കോ ഏതെങ്കിലും കുടിശ്ശികയുള്ളവര്‍ അയോഗ്യരാണ്. കുടിശ്ശികക്കാരായി കണക്കാക്കുന്നതിന് അത് സംബന്ധിച്ച് ഒരു ബില്ലോ നോട്ടീസോ നല്കുകയും അതില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള സമയം കഴിയുകയും വേണം.
ബാങ്കുകള്‍ക്കോ സര്‍വ്വീസ് സഹകരണ സംഘങ്ങള്‍ക്കോ നല്കാനുള്ള കുടിശിക സര്‍ക്കാരിനോ തദ്ദേശ സ്ഥാപനത്തിനോ നല്‍കുവാനുള്ള കുടിശ്ശികയായി കരുതാന്‍ കഴിയില്ല. ബാങ്കുകള്‍, കെ.എഫ്.സി, കെ.എസ്.എഫ്.ഇ മുതലായവക്ക് കൊടുക്കാനുള്ള കുടിശിക റവന്യൂ റിക്കവറി വഴിയാണ് നടത്തുന്നതെങ്കില്‍കൂടിയും അത് കുടിശ്ശികയായി പരിഗണിക്കേണ്ടതില്ല.

സര്‍ക്കാരിനോ ഏതെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനത്തിനോ നല്‍കുവാനുള്ള കുടിശ്ശിക ഗഡുക്കളാക്കിയിട്ടുണ്ടെങ്കില്‍ അതില്‍പ്പറയുന്ന ഗഡുക്കള്‍ മുടങ്ങിയിട്ടുണ്ടെങ്കില്‍ മാത്രമേ കുടിശ്ശികക്കാരനായി കണക്കാക്കി അയോഗ്യത ഉണ്ടാകുകയുള്ളൂ.
1951-ലെ ജനപ്രാതിനിത്യ നിയമത്തിലെ 8-ാം വകുപ്പില്‍ പരാമര്‍ശിച്ചിട്ടുള്ള ഏതെങ്കിലും കുറ്റത്തിനു ശിക്ഷിക്കപ്പെട്ടതോ അല്ലെങ്കില്‍ സാന്‍മാര്‍ഗ്ഗിക ദൂഷ്യം ഉള്‍പ്പെട്ട ഒരു കുറ്റത്തിന് മൂന്നു മാസത്തില്‍ കുറയാതെയുള്ള ഒരു കാലത്തേയ്ക്ക് തടവുശിക്ഷ വിധിക്കപ്പെട്ടിട്ടുള്ളതോ ആയ ഒരാള്‍ക്ക് അയോഗ്യത ഉണ്ടായിരിക്കുന്നതാണ്. ശിക്ഷിക്കപ്പെട്ടാല്‍ ജയില്‍ മോചിതനായ ശേഷം ആറു കൊല്ലം വരെ അയോഗ്യതയുണ്ടായിരിക്കും. ശിക്ഷ നടപ്പിലാക്കുന്നത് അപ്പീല്‍ കോടതി സ്റ്റേ നല്‍കിയിട്ടുണ്ടെങ്കിലും കുറ്റസ്ഥാപനം (കണ്‍വിക്ഷന്‍) സ്റ്റേ ചെയ്യാത്ത കാലത്തോളം അയോഗ്യത ഉണ്ടായിരിക്കുന്നതാണ്.

നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്ന തീയതിയില്‍ 21 വയസ് പൂര്‍ത്തിയായിരിക്കണം എന്നതൊഴികെയുള്ള മറ്റു കാര്യങ്ങളില്‍ സൂക്ഷ്മ പരിശോധന നടത്തുന്ന ദിവസത്തിലെ സ്ഥിതിയാണ് യോഗ്യതയ്ക്കും അയോഗ്യതക്കും കണക്കാക്കുക. ഏതെങ്കിലും കേസുകളില്‍ പ്രതിയായതുകൊണ്ട് മാത്രം ഒരാള്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു അയോഗ്യതയില്ല.
അഴിമതിയ്‌ക്കോ കൂറില്ലായ്മയ്‌ക്കോ ഉദ്യോഗത്തില്‍ നിന്നും പിരിച്ചുവിടപ്പെട്ട ഏതൊരു ഉദ്യോഗസ്ഥനും പിരിച്ചുവിടപ്പെട്ട തീയതി മുതല്‍ 5 വര്‍ഷത്തേയ്ക്ക് അയോഗ്യത ഉണ്ടായിരിക്കുന്നതാണ്.

കേരള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ (കൂറുമാറ്റ നിരോധനം) ആക്ടിലെ വ്യവസ്ഥപ്രകാരം അയോഗ്യനാക്കപ്പെടുകയും അയോഗ്യനാക്കപ്പെട്ട തീയതി മുതല്‍ 6 വര്‍ഷം കഴിയാതിരിക്കുകയും ചെയ്യുന്ന സംഗതിയില്‍ അയോഗ്യനാണ്. (അയോഗ്യരാക്കപ്പെട്ടവരുടെ ലിസ്റ്റ് കമ്മീഷന്റെ വെബ് സൈറ്റില്‍ പരിശോധനക്ക് ലഭ്യമാണ്.) എന്നാല്‍ അത് സംബന്ധിച്ച് ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവുണ്ട് എന്ന കാരണത്താല്‍ മാത്രം അയോഗ്യത ഇല്ലാതാകുന്നില്ല. സ്റ്റേ ഉത്തരവിലെ ഉപാധികള്‍ പരിശോധിച്ച് വരണാധികാരി അയോഗ്യത സംബന്ധിച്ച തീരുമാനം കൈക്കൊള്ളണം.

തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ തിരഞ്ഞെടുപ്പില്‍ മത്സരിച്ചതിനുശേഷം തിരഞ്ഞെടുപ്പു ചെലവുകണക്കു യഥാസമയം സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ക്ക് കമ്മീഷന്‍ അയോഗ്യനാക്കുന്ന തീയതി മുതല്‍ 5 വര്‍ഷക്കാലം അയോഗ്യതയുണ്ട്. (അയോഗ്യരാക്കപ്പെട്ടവരുടെ ലിസ്റ്റ് കമ്മീഷന്റെ വെബ് സൈറ്റില്‍ പരിശോധനക്ക് ലഭ്യമാണ്.)
ഗ്രാമസഭയുടേയൊ വാര്‍ഡ് സഭയുടേയൊ യോഗം വിളിച്ച് കൂട്ടുന്നതില്‍ വീഴ്ച വരുത്തുക, അംഗമായി തുടരവേ തദ്ദേശ സ്ഥാപത്തിന്റേയോ അതിന്റെ സ്റ്റാന്റിംഗ് കമ്മിറ്റികളുടേയോ യോഗങ്ങളില്‍ ഹാജരാകാതിരിക്കുക തുടങ്ങിയ കാരണങ്ങളാലുണ്ടായ അയോഗ്യത പ്രസ്തുത കമ്മിറ്റിയുടെ കാലാവധിവരെ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. അതിനാല്‍ അവര്‍ക്ക് ഈ പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അയോഗ്യതയില്ല.

സര്‍ക്കാരുമായുള്ള ഏതെങ്കിലും കരാറിലോ ലേലത്തിനോ വീഴ്ച വരുത്തുന്നതിന്റെ ഫലമായി ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ അയോഗ്യനാകും. തദ്ദേശ സ്ഥാപനത്തിന്റെ ധനമോ മറ്റു വസ്തുക്കളോ നഷ്ടപ്പെടുത്തുകയോ പാഴാക്കുകയോ ദുര്‍വിനിയോഗം ചെയ്യുകയോ ചെയ്തിട്ടുണ്ടെന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനുവേണ്ടിയുള്ള ഓംബുഡ്‌സ്മാന്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും അയോഗ്യനാകും.
ഒരാള്‍ ബധിരമൂകനാണെങ്കിലും അയോഗ്യനാണ്.
അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുതില്‍ നിന്നും വിലക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അയോഗ്യനാണ്.

സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് പുറമെ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥപാനത്തിനുവേണ്ടി പ്രതിഫലം പറ്റുന്ന ഒരു അഭിഭാഷകനായി ജോലിയിലേര്‍പ്പെട്ടിരിക്കുന്ന ആളും സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതിനു അയോഗ്യനാണ്.ഒരാള്‍ക്ക് തദ്ദേശസ്ഥാപനത്തിന്റെ ഒരു വാര്‍ഡിലേയ്ക്ക് മാത്രമെ മത്സരിക്കുവാന്‍ പാടുള്ളൂ. ഒന്നില്‍ കൂടുതല്‍ വാര്‍ഡിലേയ്ക്കു മത്സരിച്ചാല്‍ അയാളുടെ എല്ലാ നാമനിര്‍ദ്ദേശ പത്രികകളും നിരസിക്കുന്നതാണ്. എന്നാല്‍ ത്രിതല പഞ്ചായത്തുകളില്‍ ഒന്നിലധികം തലങ്ങളില്‍ മത്സരിക്കാവുന്നതാണ്.

നാമനിര്‍ദ്ദേശ പത്രികയോടൊപ്പം സമര്‍പ്പിക്കുന്ന 2എ ഫാറത്തിലെ എല്ലാ കോളങ്ങളും പൂരിപ്പിച്ചിട്ടുണ്ടെന്ന് സ്ഥാനാര്‍ത്ഥികള്‍ ഉറപ്പാക്കേണ്ടതാണ്. ഭേദഗതി വരുത്തിയ നാമനിര്‍ദ്ദേശ പത്രികയും 2എ ഫാറവും കമ്മീഷന്റെ സൈറ്റില്‍ ലഭ്യമാണ്.നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചിട്ടുള്ള സ്ഥാനാര്‍ത്ഥി വരണാധികാരി മുമ്പാകെയോ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അധികാരപ്പെടുത്തിയ ഉദ്യാഗസ്ഥന്‍ മുമ്പാകെയോ അതത് സംഗതിപോലെ കേരള പഞ്ചായത്ത് രാജ് ആക്ടിലെ 1 -ാം പട്ടികയിലോ കേരള മുനിസിപ്പാലിറ്റി ആക്ടിലെ 2-ാം പട്ടികയിലോ നല്‍കിയിട്ടുള്ള ഫാറത്തില്‍ സത്യപ്രതിഞ്ജയോ ദൃഢപ്രതിഞ്ജയോ ചെയ്ത് ഒപ്പ് വച്ചിട്ടില്ലെങ്കില്‍ അയാളുടെ നാമനിര്‍ദ്ദേശപത്രിക നിരസിക്കപ്പെടും. ഇപ്രകാരം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥരുടെ കൂട്ടത്തില്‍ സംസ്ഥാന സര്‍വ്വീസിലെ എല്ലാ ഗസറ്റഡ് ഓഫീസര്‍മാരും ചികിത്സയിലുള്ള സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാരും പ്രസ്തുത ആശുപത്രിയുടെ ചുമതലയുള്ള മെഡിക്കല്‍ സൂപ്രണ്ടുമാരും ഉള്‍പ്പെടുന്നു.സ്ഥാനാര്‍ത്ഥിയുടെ യോഗ്യതയും അയോഗ്യതയും സംബന്ധിച്ച് വരണാധികാരി അര്‍ദ്ധ നീതിന്യായ സ്വഭാവമുള്ള ആളെന്ന നിലക്ക് സ്വന്തമായി തീരുമാനമെടുക്കേണ്ടതാണ്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.