ഏതു ശാസ്ത്രീയ മാനദണ്ഡമെടുത്താലും കോവിഡ് പ്രതിരോധത്തിൽ കേരളം മുന്നിൽ

തിരുവനന്തപുരം:ഏതു ശാസ്ത്രീയ മാനദണ്ഡങ്ങളെടുത്ത് പരിശോധിച്ചാലും വ്യാപനം തടയുന്നതിലും മരണനിരക്ക് നിയന്ത്രിക്കുന്നതിലും ടെസ്റ്റുകൾ ആവശ്യത്തിനു നടത്തുന്നതിലും നമ്മുടെ സംസ്ഥാനം മുൻപിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോവിഡ് പ്രതിരോധത്തിന്റെ കാര്യത്തിൽ ലോകത്തിന്റെ അംഗീകാരം നേടിയെടുക്കാൻ നമുക്ക് കഴിഞ്ഞത് അതുകൊണ്ടാണ്. അത് നിലനിർത്താനാണ് സർക്കാരും ആരോഗ്യപ്രവർത്തകരും ഒറ്റക്കെട്ടായി പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്.സംസ്ഥാനത്ത് കോവിഡ് 19 ഉയർത്തുന്ന ഭീഷണി കൂടുതൽ ശക്തമാവുകയാണ്. നമ്മളിതുവരെ പിന്തുടർന്ന പ്രതിരോധ പ്രവർത്തനങ്ങൾ ജനങ്ങളുടെയാകെ സഹകരണത്തോടെ, വിട്ടുവീഴ്ചയില്ലാതെ മുന്നോട്ടുകൊണ്ടുപോകാനായാൽ അതിനു തടയിടാൻ കഴിയും. കേരളം ഇതുവരെ സ്വീകരിച്ച മാതൃക ഫലപ്രദമാണെന്നാണ് കണക്കുകൾ പറയുന്നത്. ഇത്തരം പകർച്ചവ്യാധികൾക്കെതിരെയുള്ള പ്രവർത്തനങ്ങളുടെ ഫലപ്രാപ്തിയെ വിലയിരുത്തുന്നത് പ്രധാനമായും മരണനിരക്ക്, രോഗവ്യാപനം, ടെസ്റ്റ് പര്യാപ്തത, രോഗമുക്തി എന്നീ നാല് സങ്കേതങ്ങളുപയോഗിച്ചാണ്.ഇതിൽ കേരളത്തിലെ കോവിഡ് മരണനിരക്ക് പരിശോധിച്ചാൽ തന്നെ നമ്മുടെ പ്രവർത്തനങ്ങൾ എത്രത്തോളം മെച്ചപ്പെട്ടതാണ് എന്ന് മനസ്സിലാക്കാം. കേസ് ഫെറ്റാലിറ്റി റേറ്റ്, അതായത് നൂറു കേസുകൾ എടുത്താൽ എത്ര മരണമുണ്ടായി എന്ന കണക്ക്. ലോക ശരാശരി അത് 4.38 ശതമാനമാണ്. ഇന്ത്യയിലെ ശരാശരി 2.67 ശതമാനം. കർണാടകയിലെ കേസ് ഫെറ്റാലിറ്റി റേറ്റ് 1.77 ശതമാനവും തമിഴ്‌നാട്ടിൻറേത് 1.42 ശതമാനവും മഹാരാഷ്ട്രയിലേത് 4.16 ശതമാനവും ആണ്. കേരളത്തിൻറെ കേസ് ഫെറ്റാലിറ്റി റേറ്റ് 0.39 ശതമാനം മാത്രമാണ്.ഒരു ദിവസത്തിൽ എത്ര മരണങ്ങൾ ഉണ്ടായി എന്നതും പരിശോധിക്കാം. ജൂലൈ 12ലെ കണക്കുകൾ പ്രകാരം ആ ദിവസം കർണാടകയിൽ മരണമടഞ്ഞത് 71 ആളുകളാണ്. തമിഴ്‌നാട്ടിൽ 68 പേർ അതേ ദിവസം മരണപ്പെട്ടു. മഹാരാഷ്ട്രയിൽ 173 പേരുടെ ജീവനാണ് നഷ്ടമായത്. കേരളത്തിൽ ആ ദിവസം ഉണ്ടായത് 2 മരണങ്ങളാണ്.പത്തുലക്ഷത്തിൽ എത്ര പേർ മരിച്ചു (ഡെത്ത് പെർ മില്യൺ) എന്ന മാനദണ്ഡമെടുത്താൽ കേരളത്തിൽ അത് 0.9 ആണ്. ഇന്ത്യയിൽ 17.1 ആണ് ഡെത്ത് പെർ മില്യൺ. കർണാടകയിൽ 11.3ഉം, തമിഴ്‌നാട്ടിൽ 27.2ഉം, മഹാരാഷ്ട്രയിൽ 94.2ഉം ആണ്. വളരെ മികച്ച രീതിയിൽ കോവിഡ് മരണങ്ങളെ നമുക്ക് തടയാൻ സാധിച്ചു എന്നതിന്റെ തെളിവാണ് ഈ കണക്കുകളെന്ന് മുഖ്യമന്ത്രി പറഞ്ഞു.ടെസ്റ്റുകൾ ആവശ്യത്തിനു ചെയ്യുന്നില്ല എന്നതാണ് ചിലർ ഉന്നയിക്കുന്ന മറ്റൊരു പരാതി. പല തവണ അതിനുള്ള മറുപടി കൃത്യമായി തന്നതാണ്. ടെസ്റ്റിൻറെ എണ്ണം കൂട്ടണമെന്നു തന്നെയാണ് സർക്കാരിന്റെ നിലപാട്. ടെസ്റ്റുകളുടെ പര്യാപ്തത പരിശോധിക്കുന്നത് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്, ടെസ്റ്റ് പെർ മില്യൺ വേഴ്‌സസ് കേസ് പെർ മില്യൺ എന്നീ സങ്കേതങ്ങളുപയോഗിച്ചു കൊണ്ടാണ്.100 ടെസ്റ്റുകൾ ചെയ്യുമ്പോൾ എത്ര ടെസ്റ്റുകൾ പോസിറ്റീവ് ആകുന്നുണ്ട് എന്നതാണ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്. ആവശ്യത്തിനു ടെസ്റ്റുകൾ നടക്കുമ്പോഴാണ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കുറഞ്ഞിരിക്കുക. അതായത് രോഗമുള്ളവർക്കിടയിലും രോഗലക്ഷണങ്ങൾ കാണിക്കുന്നവർക്കിടയിലും മാത്രം ടെസ്റ്റുകൾ നടത്തുകയും രോഗവ്യാപനം നടക്കുന്നുണ്ടോ എന്നറിയാൻ ആവശ്യമായ രീതിയിൽ ടെസ്റ്റുകൾ നടത്താതിരിക്കുകയും ചെയ്യുമ്പോൾ ആണ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കൂടുന്നത്.കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ലോകത്തു തന്നെ മികച്ചതാണ് എന്നു കാണാം. നിലവിൽ 2.27 ശതമാനമാണത്. അൽപ നാൾ മുൻപ് വരെ 2 ശതമാനത്തിലും താഴെയായിരുന്നു നമ്മുടെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്. എന്നാൽ,ഇന്ത്യയിലെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 7.46 ശതമാനമാണ്. കർണാടകയിൽ 4.53ഉം തമിഴ്‌നാട്ടിൽ 8.57ഉം മഹാരാഷ്ട്രയിൽ 19.25ഉം തെലുങ്കാനയിൽ 20.6ഉം ആണ്.ഒരു പോസിറ്റീവ് കേസിനു ആനുപാതികമായി എത്ര ടെസ്റ്റുകൾ ചെയ്യുന്നുണ്ട് എന്നതിൻറെ സൂചകമാണ് ടെസ്റ്റ് പെർ മില്യൺ വേഴ്‌സസ് കേസ് പെർ മില്യൺ. 50നു മുകളിൽ അതു സൂക്ഷിക്കുക എന്നതാണ് അഭികാമ്യമായ കാര്യം. കേരളത്തിൽ ടെസ്റ്റ് പെർ മില്യൺ വേഴ്‌സസ് കേസ് പെർ മില്യൺ ഇപ്പോൾ 44 ആണ്. അതായത് ഒരു പോസിറ്റീവ് കേസിനു ഇവിടെ മിനിമം 44 ടെസ്റ്റുകൾ ചെയ്യുന്നുണ്ട്. തുടക്കം മുതൽ ഒരാഴ്ച മുൻപു വരെ നമുക്കത് 50നു മുകളിൽ നിർത്താൻ സാധിച്ചിരുന്നു. പോസിറ്റീവ് കേസുകൾ കൂടിയ സാഹചര്യത്തിൽ ടെസ്റ്റുകളുടെ എണ്ണം വർധിപ്പിച്ച് വീണ്ടും ഉടനടി 50നു മുകളിൽ ആ നമ്പർ എത്തിക്കാനാണ് ശ്രമിക്കുന്നത്.എങ്കിലും ഇപ്പോൾ പോലും ടെസ്റ്റ് പെർ മില്യൺ വേഴ്‌സസ് കേസ് പെർ മില്യൺ എടുത്താൽ കേരളം മറ്റു പ്രദേശങ്ങളേക്കാൾ ബഹുദൂരം മുന്നിലാണ്. അക്കാര്യത്തിൽ ഇന്ത്യയിലെ ശരാശരി 13 ആണ്. കർണാടകയിൽ 22ഉം തമിഴ്‌നാട്ടിലും മഹാരാഷ്ടയിലും ആറുമാണ് ടെസ്റ്റ് പെർ മില്യൺ വെഴ്‌സസ് കേസ് പെർ മില്യൺ. നമ്മുടേതാകട്ടെ 44 ആണ്. അതായത് ടെസ്റ്റുകൾ നടത്തുന്ന കാര്യത്തിലും നമ്മൾ മുന്നിലാണ് എന്നാണ് അർഥമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.