സൗജന്യ റേഷൻ നാളെ മുതൽ

തിരുവനന്തപുരം:കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ വിതരണം ഏപ്രിൽ ഒന്നു  മുതൽ  ആരംഭിക്കും. സൗജന്യ ഭക്ഷ്യധാന്യ കിറ്റിന്റെ വിതരണവും ഈയാഴ്ച തുടങ്ങും. ദിവസവും ഉച്ചവരെ മുൻഗണനാ വിഭാഗങ്ങൾക്കും ഉച്ചയ്ക്കു ശേഷം മുൻഗണനേതര വിഭാഗങ്ങൾക്കുമാകും സൗജന്യ റേഷൻ വിതരണമെന്നു ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി പി. തിലോത്തമൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

അന്ത്യോദയ വിഭാഗങ്ങൾക്കു നിലവിൽ ലഭിക്കുന്ന 35 കിലോ ഭക്ഷ്യധാന്യം സൗജന്യമായി ലഭിക്കും. പ്രിയോരിറ്റി ഹൗസ് ഹോൾഡ്‌സ്(പി.എച്ച്.എച്ച്) വിഭാഗത്തിൽപ്പെട്ട പിങ്ക് കാർഡ് ഉള്ളവർക്കു കാർഡിലുള്ള ഒരു അംഗത്തിന് അഞ്ചു കിലോ വീതം സൗജന്യ ധാന്യം നൽകും.

വെള്ള, നീല കാർഡുകളുള്ള മുൻഗണനേതര വിഭാഗങ്ങൾക്കു കുറഞ്ഞത് 15 കിലോഗ്രാം ഭക്ഷ്യധാന്യവും ലഭിക്കും. 15 കിലോയിൽ കൂടുതൽ ധാന്യം നിലവിൽ ലഭിക്കുന്ന നീല കാർഡ് ഉടമകൾക്ക് അതു തുടർന്നും ലഭിക്കും. ഏപ്രിൽ 20നു മുൻപു സൗജന്യ റേഷൻ വിതരണം പൂർത്തിയാക്കും.

അതിനു ശേഷമാകും കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള സൗജന്യ റേഷൻ വിതരണമെന്നും മന്ത്രി പറഞ്ഞു.

കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ പൂർണമായി പാലിച്ചാകും റേഷൻ വിതരണമെന്നു മന്ത്രി വ്യക്തമാക്കി. റേഷൻ കടകളിൽ ആളുകൾ തിക്കിത്തിരക്കി പ്രശ്‌നങ്ങളുണ്ടാക്കരുത്.

ഒരേ സമയം അഞ്ചു പേരിൽ കൂടുതൽ റേഷൻ കടയ്ക്കു മുന്നിൽ നിൽക്കാൻ പാടില്ല. ഇക്കാര്യം ഉറപ്പാക്കാൻ കടയുടമയ്ക്കു ടോക്കൺ വ്യവസ്ഥ നിശ്ചയിക്കാവുന്നതാണ്.

ജനപ്രതിനിധികളുടേയും പഞ്ചായത്ത്, മുനിസിപ്പൽ പ്രദേശത്തു രജിസ്റ്റർ ചെയ്തിട്ടുള്ള സന്നദ്ധ പ്രവർത്തകരുടേയും സഹായവും ഉപയോഗപ്പെടുത്താം. റേഷൻ കടയിൽ നേരിട്ടെത്താൻ കഴിയാത്തവർക്കു വീട്ടിലെത്തിച്ചു കൊടുക്കാനും കടയുടമ ക്രമീകരണമുണ്ടാക്കണം. ഇതിനും സന്നദ്ധ പ്രവർത്തകരുടെ സേവനം ഉപയോഗപ്പെടുത്താം.

റേഷൻ കാർഡ് ഇല്ലാത്ത കുടുംബങ്ങൾക്കും സൗജന്യമായി ഭക്ഷ്യ ധാന്യം നൽകും. ഇതിനായി ആധാർ കാർഡും ഫോൺ നമ്പറും ചേർത്തുള്ള സത്യവാങ്മൂലം റേഷൻ വ്യാപാരിക്കു നൽകണം. കളവായി സത്യവാങ്മൂലം നൽകി റേഷൻ കൈപ്പറ്റുന്നവരിൽനിന്നു ധാന്യത്തിന്റെ മാർക്കറ്റ് വിലയുടെ ഒന്നര ഇരട്ടി തുക പിഴയായി ഈടാക്കും.

സംസ്ഥാനത്തെ 87 ലക്ഷം കുടുംബങ്ങൾക്കു സൗജന്യ ഭക്ഷ്യ കിറ്റ് നൽകുന്നതിനുള്ള നടപടികൾ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് ആരംഭിച്ചതായും മന്ത്രി പറഞ്ഞു. സപ്ലൈകോയുടെ 56 ഡിപ്പോകളിൽ ഇതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഏപ്രിൽ ആദ്യ വാരം മുതൽ കിറ്റ് നൽകിത്തുടങ്ങും. ആദ്യം എ.എ.വൈ, പി.എച്ച്.എച്ച് വിഭാഗങ്ങളിൽപ്പെടുന്ന മുൻഗണനാ കുടുംബങ്ങൾക്കും പിന്നീട് മുൻഗണനേതര വിഭാഗങ്ങൾക്കും കിറ്റ് നൽകാനാണു തീരുമാനിച്ചിരിക്കുന്നത്.

കിറ്റ് നൽകുന്നതിനാവശ്യമായ ചെറുപയർ, കടല, തുവര, ഉഴുന്ന് എന്നിവ ലഭിക്കുന്നതിനു കേന്ദ്ര സർക്കാർ ഏജൻസിയായ നാഫെഡിനെ സമീപിച്ചിട്ടുണ്ട്. സൗജന്യ കിറ്റ് നൽകുന്നതിന് 756 കോടി രൂപയാണു ചെലവു പ്രതീക്ഷിക്കുന്നത്. കിറ്റ് ആവശ്യമില്ല എന്നു സ്വയം വെളിപ്പെടുത്തുന്നവരേയും നികുതിദായകരായ ഉയർന്ന വരുമാനക്കാരെയും സൗജന്യ ഭക്ഷ്യധാന്യ കിറ്റ് നൽകുന്നതിൽനിന്ന് ഒഴിവാക്കും.

ക്വാറന്റൈനിൽ കഴിയുന്നവർക്കും ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ടവർക്കുമുള്ള കിറ്റുകളും തയാറാക്കുന്ന നടപടികൾ നടക്കുന്നുണ്ട്. കിറ്റിന്റെ വിതരണവും ഏപ്രിൽ മാസത്തിൽത്തന്നെ പൂർത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.