വിവാഹബന്ധം സുദൃഢമായിരിക്കാന്‍ വടക്കേ ഇന്ത്യയിലെ സ്ത്രീകള്‍ കൊണ്ടാടുന്ന ആഘോഷമാണ് ‘കര്‍വാ ചൗത്’. വിശ്വാസത്തിന്റെ ഭാഗമായി ആഘോഷിക്കുന്ന ‘കര്‍വാ ചൗത്’ല്‍ സെലിബ്രിറ്റികളടക്കമുള്ള സ്ത്രീകള്‍ പങ്കാളികളാകാറുണ്ട്. 

ബോളിവുഡ് നടിമാരില്‍ നല്ലൊരു വിഭാഗം പേരും ‘കര്‍വാ ചൗത്’ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. ഇക്കൂട്ടത്തില്‍ നടി സൊണാലി ബെന്ദ്രേയും ആഘോഷാവസരത്തിന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. 

ഇന്‍സ്റ്റഗ്രാമില്‍ സൊണാലി പോസ്റ്റ് ചെയ്ത ‘കര്‍വാ ചൗത്’ സ്‌പെഷ്യല്‍ ചിത്രത്തിന് ഒരു പ്രത്യേകതയുമുണ്ട്. 19 വര്‍ഷങ്ങള്‍ക്ക് മുമ്പ് വിവാഹദിവസത്തില്‍ അണിഞ്ഞ ലെഹങ്കയാണ് സൊണാലി ഇതില്‍ അണിഞ്ഞിരിക്കുന്നത്. ‘കര്‍വാ ചൗത്’ ആഘോഷത്തെ കുറിച്ച് പങ്കുവച്ച കുറിപ്പിനൊടുവിലാണ് ഇത് തന്റെ വിവാഹവസ്ത്രമാണെന്ന് സൊണാലി അറിയിച്ചത്. 

വിവാഹദിനത്തില്‍ വരന്‍ അണിയിച്ച മംഗല്‍സൂത്രയും സൊണാലി അണിഞ്ഞിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കിപ്പുറവും പുതുമയോടെ, മങ്ങാതെ വിവാഹവസ്ത്രം കാണപ്പെടുന്നുവെന്നത് സൊണാലിയുടെ സ്ത്രീ ആരാധകരെ അതിശയപ്പെടുത്തുകയാണ്. 

ഭൂതകാലത്തെയും വര്‍ത്തമാനത്തെയും ഭാവിയെയും ബന്ധപ്പെടുത്താനുള്ള അവസരമായാണ് പരമ്പരാഗതമായ പല ആചാരങ്ങളെയും താന്‍ കാണുന്നതെന്നും സ്‌നേഹപൂര്‍വ്വം സമീപിക്കുകയാണെങ്കില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള സമയത്തെയും ഇപ്പോഴത്തെ സമയത്തെയും ലളിതമായി സമ്മേളിക്കാന്‍ സാധിക്കുമെന്നും സൊണാലി പോസ്റ്റില്‍ പറയുന്നു. 

പിങ്കും ഓറഞ്ചും നിറവും കലര്‍ന്ന മനോഹരമായ ഡിസൈനര്‍ ലെഹങ്കയാണ് സൊണാലിയുടെ വിവാഹവസ്ത്രം. ഇത് വര്‍ഷങ്ങളായി വൃത്തിയായി സൂക്ഷിച്ചതാണെന്ന് ഒറ്റനോട്ടത്തില്‍ തന്നെ കണ്ടാല്‍ മനസിലാക്കുവാന്‍ സാധിക്കും. 

വ്യവസായിയും സംവിധായകനുമായ ഗോള്‍ഡി ബെഹല്‍ ആണ് സൊണാലിയുടെ ഭര്‍ത്താവ്. ക്യാന്‍സര്‍ രോഗത്തോട് പോരാടി, അതിജീവിച്ച വ്യക്തി കൂടിയാണ് സൊണാലി. തന്റെ രോഗകാലത്തെ അതിജീവിക്കാന്‍ ഏറ്റവും വലിയ പിന്തുണയായത് ഭര്‍ത്താവാണെന്നും സൊണാലി നേരത്തേ പറഞ്ഞിരുന്നു.

Leave a Reply