100 കോടി ഡോസ് വാക്സിനേഷന് എന്ന നേട്ടം കൈവരിച്ചതോടെ രാജ്യം പുതു ചരിത്രം രചിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി (Narendra Modi). വിഐപി സംസ്കാരം വാക്സിനേഷന് പ്രക്രിയയെ ഒരുതരത്തിലും അട്ടിമറിച്ചിട്ടില്ലെന്നും എല്ലാവരേയും തുല്യരായി പരിഗണിക്കുന്നതില്‍ സര്‍ക്കാര്‍ വിജയിച്ചെന്നും മോദി (Pm Modi) പറഞ്ഞു. വിമര്‍ശനങ്ങള്‍ക്കും എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള മറുപടിയാണ് 100 കോടി വാക്സിനേഷന് (Modi on covid vaccination). ഇത് രാജ്യത്തിന്റെ കരുത്തിന്റെ പ്രതിഫലനമാണ്. കൊറോണയെ അതിജീവിക്കാന്‍ ഭാരതത്തിന് കഴിയുമോ എന്നുള്ള പലരുടേയും ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണിത്. രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് (Modi to address nation) പ്രധാനമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

‘കടുത്ത കോവിഡ് -19 നിയന്ത്രണങ്ങളെക്കുറിച്ച് ചില ആശങ്കകള്‍ ഉയര്‍ന്നിരുന്നു. ഇന്ത്യയില്‍ ഇത്രയും കര്‍ശനമായ നിയന്ത്രണങ്ങള്‍ എങ്ങനെ ഏര്‍പ്പെടുത്താനാകുമെന്ന് പലരും ചോദിച്ചു. എന്നാല്‍, ഞങ്ങള്‍ ഒരു ജനാധിപത്യ രാജ്യമാണ്, എല്ലാവര്‍ക്കുമൊപ്പം വികസനമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ് നടപ്പിലായിരിക്കുന്നത്”.-പ്രധാനമന്ത്രി പറഞ്ഞു.
”ഈ രാജ്യത്ത് നിര്‍മ്മിച്ചത്, ആ രാജ്യത്ത് നിര്‍മ്മിച്ചത്” എന്ന് നമ്മള് കേട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു, എന്നാല്‍ ഇന്ന് എല്ലാ ഇന്ത്യക്കാരും ‘മെയ്ഡ് ഇന്‍ ഇന്ത്യ’യുടെ ശക്തി തിരിച്ചറിഞ്ഞിരിക്കുന്നു. ‘മെയ്ഡ് ഇന്‍ ഇന്ത്യ’ ഉല്‍പ്പന്നങ്ങള്‍ വാങ്ങിക്കൊണ്ട് ഇന്ത്യന്‍ നിര്‍മ്മാതാക്കളെ പ്രോത്സാഹിപ്പിക്കാന്‍ ഞാന്‍ എല്ലാ ഇന്ത്യക്കാരോടും അഭ്യര്‍ത്ഥിക്കുന്നു, ‘വോക്കല്‍ ഫോര്‍ ലോക്കല്‍’ നെ പ്രോത്സാഹിപ്പിക്കുക.”- മോദി കൂട്ടിച്ചേര്‍ത്തു.
രാജ്യം 100 കോടി വാക്സീന് ഡോസുകള്‍ പിന്നിട്ടെങ്കിലും മാസ്ക്കുകളെ കൈവിടാറായിട്ടില്ലെന്നും കോവിഡ് -19 പ്രോട്ടോക്കോളുകള്‍ പിന്തുടരേണ്ടതുണ്ടെന്നും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. പ്രതിരോധ കുത്തിവയ്പ്പ് എടുക്കാത്തവര്‍ എത്രയും വേഗം വാക്സിനേഷന് പൂര്‍ത്തീകരിക്കണമെന്നും നരേന്ദ്രമോദി അഭ്യര്‍ത്ഥിച്ചു.
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ എക്കാലത്തേക്കാളും മികച്ച നിലയിലാണെന്ന് രാജ്യത്തേയും വിദേശത്തേയും സാമ്പത്തിക വിദഗ്ദ്ധര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ കമ്പനികളില്‍ റെക്കോര്‍ഡ് നിക്ഷേപം ഉണ്ടായിരിക്കുന്നു. യുവാക്കള്‍ക്ക് നിരവധി പുതിയ തൊഴിലവസരങ്ങള്‍ രാജ്യത്ത് സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
നൂറ് കോടിയിലധികം കോവിഡ് -19 വാക്സീന് ഡോസുകള്‍ നല്‍കിക്കൊണ്ട് ഇന്ത്യ കഴിഞ്ഞ ദിവസം ചരിത്ര നേട്ടം കൈവരിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്. 100 കോടി വാക്സീന് ഡോസുകള്‍ എന്ന നേട്ടം കൈവരിക്കാനായത്, 130 കോടി ജനങ്ങളുടെയും ഇന്ത്യന്‍ ശാസ്ത്രത്തിന്റെയും സംരംഭങ്ങളുടേയും കൂട്ടായ വിജയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പ്രശംസാ സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു. ഈ നേട്ടത്തിന് ആരോഗ്യ പ്രവര്‍ത്തകരോട് പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
നേട്ടത്തിന് ശേഷം മോദി ഡല്‍ഹിയിലെ രാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെ വാക്സിനേഷന് സെന്റര്‍ സന്ദര്‍ശിക്കുകയും ആശുപത്രി ജീവനക്കാരുമായും വാക്സീന് ഗുണഭോക്താക്കളുമായും സംസാരിക്കുകയും ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യയും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. വാക്സീന് നേട്ടത്തെ തുടര്‍ന്ന്, ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് മോദിയെയും ശാസ്ത്രജ്ഞരെയും ആരോഗ്യ പ്രവര്‍ത്തകരെയും ഇന്ത്യയിലെ പൗരന്മാരെയും അഭിനന്ദിച്ച് ട്വീറ്റ് ചെയ്തിരുന്നു.
19 മാസത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്ന പത്താമത്തെ പ്രസംഗമാണ് ഇന്നത്തേത്. ആദ്യത്തേത് 2020 മാര്‍ച്ച് 19-നായിരുന്നു. കോവിഡ് -19 കേസുകള്‍ വര്‍ദ്ധിക്കുന്നതിനിടയില്‍ ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചുകൊണ്ടായിരുന്നു മോദി അന്ന് രാജ്യത്തോട് സംസാരിച്ചത്.