ടി20 ലോകകപ്പില്‍ പാകിസ്ഥാനോട് പരാജയപ്പെട്ടതിന് പിന്നാലെ ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് ഷാമിയ്‌ക്കെതിരെ സൈബര്‍ ആക്രമണം. ഷാമിക്കെതിരെ ട്രോളുകളും അധിക്ഷേപ കമന്റുകളും ശക്തമായ സാഹചര്യത്തില്‍ താരത്തിന് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ താരങ്ങള്‍ രംഗത്തെത്തി. 

വീരേന്ദര്‍ സേവാഗ്, ആകാശ് ചോപ്ര, ഇര്‍ഫാന്‍ പഠാന്‍ തുടങ്ങിയവരാണ് ഓണ്‍ലൈന്‍ ട്രോളുകളെ വിമര്‍ശിച്ച് രംഗത്തെത്തിയത്. ഷാമിക്കെതിരായ ഓണ്‍ലൈന്‍ ആക്രമണം ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം ഒരു ചാമ്പ്യനാണെന്നും സേവാഗ് പ്രതികരിച്ചു. ഇത്തരം ഓണ്‍ലൈന്‍ സംഘങ്ങളേക്കാള്‍ ഉപരി ഇന്ത്യന്‍ ക്യാപ് ധരിക്കുന്നവരുടെ ഹൃദയത്തിലാണ് ഇന്ത്യയുടെ സ്ഥാനമെന്നും സേവാഗ് വിമര്‍ശകര്‍ക്ക് മറുപടി നല്‍കി.

മുന്‍പ്, ഒരു മത്സരം പരാജയപ്പെട്ടതിന് പിന്നാലെ ഇന്ത്യന്‍ താരങ്ങളുടെ കോലം കത്തിച്ചവരാണ് ഇപ്പോള്‍ ട്രോളുകളുമായി എത്തിയിരിക്കുന്നത് എന്നായിരുന്നു ആകാശ് ചോപ്രയുടെ പ്രതികരണം. 

”നേരത്തെ, പാകിസ്ഥാനോട് നമ്മള്‍ പരാജയപ്പെട്ട മത്സരങ്ങളില്‍ ഞാനും ടീമിന്റെ ഭാഗമായിട്ടുണ്ട്. എന്നാല്‍ പാകിസ്ഥാനിലേയ്ക്ക് പോകൂ എന്ന് ആരും പറഞ്ഞിട്ടില്ല. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഇന്ത്യയെ കുറിച്ചാണ് ഞാന്‍ സംസാരിക്കുന്നത്. ഇത് അവസാനിപ്പിക്കേണ്ടതാണ്”. മുഹമ്മദ് ഷാമിയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇര്‍ഫാന്‍ പഠാന്‍ ട്വിറ്ററില്‍ കുറിച്ചു. 

ടി20 ലോകകപ്പിലെ പാകിസ്ഥാനെതിരായ മത്സരത്തില്‍ ഷാമി 3.5 ഓവറില്‍ 43 റണ്‍സാണ് വഴങ്ങിയത്. ഒരു വിക്കറ്റ് പോലും സ്വന്തമാക്കാന്‍ ഷാമിയ്ക്ക് സാധിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് ഷാമിക്കെതിരെ ശക്തമായ സൈബര്‍ ആക്രമണം ഉണ്ടായത്.

Leave a Reply