സ്വദേശി യുവാക്കളില്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 34 ഫുഡ് ട്രക്ക് റസ്റ്റോറന്റുകളും കഫേകളുമാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്.

ദുബൈ: യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍ കോപ്, ചെറുകിട – ഇടത്തരം സ്വദേശി നിക്ഷേപകര്‍ക്കായി ‘മിര്‍ദിഫ് പാര്‍ക്ക് വേ’ എന്ന പേരില്‍ പുതിയ പദ്ധതി പ്രഖ്യാപിച്ചു. സ്വദേശി യുവാക്കള്‍ക്ക് വ്യാണിജ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവാനും അവരുടെ നിക്ഷേപം വര്‍ദ്ധിപ്പിക്കാനുമുള്ള പിന്തുണയുമാണ് ഈ ദേശീയ പദ്ധതിയിലൂടെ യൂണിയന്‍കോപ് ലക്ഷ്യമിടുന്നത്. യൂണിയന്‍കോപിന്റെ വാണിജ്യ കേന്ദ്രമായ ‘ഇത്തിഹാദ് മാളിന്’ സമീപമുള്ള 2,62,607 ചതുരശ്ര അടി സ്ഥലത്ത് സജ്ജമാക്കുന്ന 34 ഫുഡ് ട്രക്കുകളാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. വിവിധ രാജ്യക്കാരും വിവിധ രുചികള്‍ ഇഷ്‍ടപ്പെടുന്നവരുമായ സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവര്‍ക്ക് പ്രയോജനപ്പെടുന്ന തരത്തിലായിരിക്കും ഇവിടുത്തെ വിവിധ പ്രവര്‍ത്തനങ്ങള്‍. അധികൃതരില്‍ നിന്ന് ആവശ്യമായ അനുമതികള്‍ ലഭിച്ച ശേഷം ഇത്തരത്തിലുള്ള മൂന്ന് പദ്ധതികള്‍ കൂടി ആരംഭിക്കാനും യൂണിയന്‍കോപ് ലക്ഷ്യമിടുന്നുണ്ട്.

വിപണിയിലെ വാടക മൂല്യത്തില്‍ 50 ശതമാനം വരെ ഇളവ്
സംയോജിത സേവനങ്ങള്‍ നല്‍കുന്ന നിക്ഷേപ പദ്ധതികളുടെ ഒരു സമാഹരണമായി ‘മിര്‍ദിഫ് പാര്‍ക്ക് വേ’ എന്ന പേരില്‍ പുതിയ പദ്ധതി തുടങ്ങാന്‍ യൂണിയന്‍കോപ് തീരുമാനിച്ചതായി സിഇഒ ഖാലിദ് ഹുമൈദ് ബിന്‍ ദിബാന്‍ അല്‍ ഫലാസി പറഞ്ഞു. മേഖലയിലും ദുബൈ എമിറേറ്റിലും ഇത്തരത്തിലെ ആദ്യ സംരംഭമായിരിക്കും ഇത്. യുവമനസുകളെ ആകര്‍ഷിക്കാനും സ്വകാര്യ മേഖലയിലെ സാമ്പത്തിക പദ്ധതികളുടെ സ്വദേശിവത്കരണവുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. തൊഴില്‍ വിപണിയില്‍ പ്രവേശിക്കുക വഴി ഉത്പാദനവും നിക്ഷേപവും വര്‍ദ്ധിപ്പിക്കാന്‍ അവര്‍ക്ക് പ്രോത്സാഹനം നല്‍കുകയും ചെയ്യുന്നു. വിപണിയിലെ മൂല്യം അനുസരിച്ചുള്ള വാടക തുകയില്‍ 50 ശതമാനം വരെ ഇളവ് നല്‍കി ഇവരെ യൂണിയന്‍കോപ് പിന്തുണയ്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. തൊഴിലുകളുടെ സ്വദേശിവത്കരണം എന്നതിലുപരി, സ്വകാര്യ മേഖലയിലെ പരമാവധി വരുമാനത്തെ സ്വദേശിവത്കരിക്കുകയാണ് ലക്ഷ്യം. നിക്ഷേപ പദ്ധതിയില്‍ ഉള്‍പ്പെടുന്ന എല്ലാവര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. ഒപ്പം രാജ്യത്തെ ചില്ലറ വിപണന രംഗത്ത് വാണിജ്യ നിക്ഷേപത്തിന്റെ ആകര്‍ഷണീയ വര്‍ദ്ധിപ്പിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.

‘മിര്‍ദിഫ് പാര്‍ക്ക് വേ’ പദ്ധതിയുടെ പ്രതീക്ഷിത ഗുണഭോക്താക്കള്‍ക്ക് എല്ലാ  സൗകര്യങ്ങളും ലഭ്യമാക്കുന്നതില്‍ യൂണിയന്‍കോപ് അതീവശ്രദ്ധ പുലര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ തുടക്കം മുതല്‍ പദ്ധതികള്‍ തുടങ്ങാനും വികസിപ്പിക്കാനുമുള്ള പ്രോത്സാഹനം വരെ ഇതില്‍ ഉള്‍പ്പെടും. ഒപ്പം സമൂഹത്തിനും ഈ പദ്ധതിയിലൂടെ ഏറ്റവും മികച്ച സേവനങ്ങള്‍ ലഭിക്കും. രാജ്യതാത്‍പര്യങ്ങള്‍ക്കും ധിഷണാശാലികളായ ഭരണ നേതൃത്വത്തിന്റെ നിര്‍ദേശങ്ങള്‍ക്കും അനുസൃതമായി യുവജനങ്ങള്‍ക്കും ചെറുകിട – ഇടത്തരം സ്ഥാപനങ്ങളുടെ ഉടമകള്‍ക്കും പിന്തുണ നല്‍കുകയാണ് ചെയ്യുന്നത്.

സ്വദേശികള്‍ക്കുള്ള അസുലഭ അവസരം’
തങ്ങളുടെ പദ്ധതികള്‍ തുടങ്ങാനും വാണിജ്യ നിക്ഷേപ ലോകത്തേക്ക് കടക്കാനും സ്വദേശികള്‍ക്ക് ലഭിക്കുന്ന അസുലഭ അവസരമായിരിക്കും ‘മിര്‍ദിഫ് പാര്‍ക്ക് വേ’ എന്ന് അദ്ദേഹം പറഞ്ഞു. ചെറുകിട – ഇടത്തരം സ്ഥാപനങ്ങളുടെ ഉടമകളായ സ്വദേശികള്‍ക്ക് ഇവിടെ 34 അവസരങ്ങളാണുണ്ടാവുക. കോഫി ഷോപ്പുകള്‍, സ്‍നാക്സ്, ഗ്രില്‍സ്, ബര്‍ഗര്‍, പാസ്‍ത, മധുരപലഹാരങ്ങള്‍, വിവിധ തരത്തിലുള്ള ജ്യൂസുകള്‍ എന്നിങ്ങനെയായിരിക്കും ഇത്. രാജ്യത്തെ നിക്ഷേപത്തെ പിന്തുണയ്‍ക്കുന്നതിനാല്‍ പ്രധാനപ്പെട്ട ഒരു ദേശീയ പദ്ധതിയായി ‘മിര്‍ദിഫ് പാര്‍ക്ക് വേ’ കണക്കാക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം ഇവിടെ നിന്ന ലഭിക്കുന്ന സേവനങ്ങള്‍ക്ക് ഒരു മാതൃകയും ദേശീയ – അന്തര്‍ദേശീയ തലത്തിലുള്ള വളര്‍ച്ചയും സാമ്പത്തിക നവോദ്ധാനവുമായിരിക്കും ഈ പദ്ധതി.

സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലുള്ളവരെ ആകര്‍ഷിക്കുന്ന സുപ്രധാനമായൊരു സ്ഥാനത്താണ് പദ്ധതി നിലവില്‍ വരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്തിഹാദ് മാളിന് സമീപം അല്‍ ഖവാനീജ് സ്‍ട്രീറ്റിന് അഭിമുഖമായിട്ടായിരിക്കും ഇത് നിലകൊള്ളുക. റോഡിലേക്കുള്ള പ്രവേശന സൗകര്യം, സുഗമമായ സഞ്ചാര സൗകര്യം,  ആവശ്യത്തിന് പാര്‍ക്കിങ് സ്ഥാനം എന്നിവയ്‍ക്ക് പുറമെ ഇവിടെയെത്തുന്ന സന്ദര്‍ശകര്‍ക്ക് ആവശ്യമായ സേവനങ്ങളും ലഭ്യമാക്കുന്നു. സമൂഹത്തിലെ നിരവധിപ്പേര്‍ക്കും മറ്റ് എമിറേറ്റുകളില്‍ നിന്ന് ദുബൈയിലേക്ക് വരുന്ന സന്ദര്‍ശകര്‍ക്കുമെല്ലാം പ്രിയങ്കരമായൊരു ഷോപ്പിങ്, വിനോദ സങ്കേതമായി ഈ പ്രദേശം മാറുകയും ചെയ്യും.

‘മിര്‍ദിഫ് പാര്‍ക്ക് വേ’ പോലെ മൂന്ന് പദ്ധതികള്‍ കൂടി
തൊഴില്‍ വിപണിയില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന സ്വദേശി വ്യാപാരികള്‍ക്ക് പിന്തുണയുമായി സമാനമായ മൂന്ന് ദേശീയ പദ്ധതികള്‍ കൂടി സ്ഥാപിക്കാന്‍ യൂണിയന്‍ കോപിന് പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദുബൈയിലെ ബന്ധപ്പെട്ട അധികൃതരില്‍ നിന്ന് ഇതിനാവശ്യമായ അനുമതികള്‍ ലഭിച്ച ശേഷം ഇവയും പ്രഖ്യാപിക്കും. ദുബൈയിലെ ഒരു പ്രധാന വിനോദ, സേവന കേന്ദ്രമായി ‘മിര്‍ദിഫ് പാര്‍ക്ക് വേ’ മാറുമെന്നും അദ്ദേഹം പറഞ്ഞു. മുഷ്‍രിഫ് പാര്‍ക്ക്, വിമാനത്താവളം, ദുബൈ സഫാരി എന്നിങ്ങനെയുള്ള സുപ്രധാന സ്ഥലങ്ങള്‍ക്ക് അടുത്തായതിനാല്‍ ഈ സ്ഥലത്തിന്റെ പ്രാധാനം കൊണ്ടുതന്നെ വിനോദം, വിനോദ സഞ്ചാരം എന്നിങ്ങനെയുള്ള മേഖലകള്‍ക്ക് ശക്തമായ പിന്തുണയായി  ‘മിര്‍ദിഫ് പാര്‍ക്ക് വേ’ മാറും. പൊതുജനങ്ങള്‍ക്ക് വിനോദത്തിനും ഷോപ്പിങിനുമുള്ള പുതിയ സ്ഥാനങ്ങള്‍ അവതരിപ്പിക്കുക വഴി അവരുടെ ജീവിത നിലവാരവും മെച്ചപ്പെടും. ഒപ്പം ചെറുകിട – ഇടത്തരം വ്യാപാര സ്ഥാപനങ്ങളുടെ ഉടമകള്‍ക്കും ഇതൊരു മികച്ച അവസരമായിരിക്കും. 

2,32,607 ചതുരശ്ര അടിയില്‍ വ്യാപിച്ചുകിടക്കുന്ന വിനോദ, സാമൂഹിക പ്രവര്‍ത്തനം
ഏറ്റവും മികച്ച സേവനം നല്‍കുന്ന തരത്തില്‍ അന്താരാഷ്‍ട്ര നിലവാരം പാലിച്ചുകൊണ്ടാണ് ‘മിര്‍ദിഫ് പാര്‍ക്ക് വേ’ സജ്ജമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. വിനോദങ്ങള്‍ക്കും സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കുമായി 2,32,607 ചതുരശ്ര അടി സ്ഥലം മാറ്റിവെയ്‍ക്കും. ഇവിടേക്ക് ആവശ്യമായ വെളിച്ചം, ദിശാ ബോര്‍ഡുകള്‍, പരസ്യങ്ങള്‍ എന്നിവയും തയ്യാറാക്കും. ആകര്‍ഷകങ്ങളായ നിറങ്ങളില്‍ ഈ സ്ഥലത്തെ അണിയിച്ചൊരുക്കും. കായിക വിനോദങ്ങള്‍ക്കായി 30,000 ചതുരശ്ര അടിയില്‍ പ്രത്യേക റബ്ബര്‍ ഗ്രാസ് ഫ്ലോര്‍ സജ്ജമാക്കും. മനോഹരമായ അന്തരീക്ഷം ആസ്വദിക്കാനായി ഇവിടെ മേശകളും കേസരകളും സജ്ജീകരിക്കുന്നതിനാല്‍ കുടുംബങ്ങള്‍ക്കും മറ്റ് സന്ദര്‍ശകര്‍ക്കും ശാന്തവും മനോഹരവുമായ അനുഭൂതിയോടെ തങ്ങളുടെ പ്രിയപ്പെട്ട നിമിഷങ്ങള്‍ ചെലഴിക്കാനുമാവും.

Leave a Reply