50 വര്‍ഷത്തെ കാലാവധിയിട്ട് 1895-ല്‍ നിര്‍മിച്ച മുല്ലപ്പെരിയാര്‍ ഡാം 125 വര്‍ഷങ്ങള്‍ക്കു ശേഷവും പ്രവര്‍ത്തിക്കുന്നുണ്ടെന്നതാണ് അണപൊട്ടി ഒഴുകുന്ന മലയാളിയുടെ ഭീതിക്കുള്ള കാരണം. 

പ്രവചനാതീതമായി ലഭിക്കുന്ന മഴയും (Rain) മാറുന്ന കാലാവസ്ഥയും കേരളത്തെ (Kerala) ഭീതിയിലാക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. പ്രളയ (flood) സമാന സാഹചര്യങ്ങള്‍ കേരളത്തിന് ഇന്ന് പുതുമയുള്ള കാര്യവുമല്ല. തോരാതെ പെയ്യുന്ന മഴക്കാലത്ത് മലയാളികളുടെ ചങ്കിടിപ്പ് കൂട്ടുന്നതില്‍ ഇന്ന് മുന്‍പന്തിയിലുള്ളത് മുല്ലപ്പെരിയാര്‍ അണക്കെട്ടാണ് (Mullaperiyar Dam). ചെറിയ ഇടവേളകളില്‍ മഴ ശക്തമാകുന്നതിന്റെ ഭാഗമായി ജലനിരപ്പ് ഉയരുന്നതോടെ മുല്ലപ്പെരിയാര്‍ വാര്‍ത്തകളില്‍ നിറയും. 50 വര്‍ഷത്തെ കാലാവധിയിട്ട് 1895-ല്‍ നിര്‍മിച്ച മുല്ലപ്പെരിയാര്‍ ഡാം 125 വര്‍ഷങ്ങള്‍ക്കു ശേഷവും പ്രവര്‍ത്തിക്കുന്നുണ്ടെന്നതാണ് അണപൊട്ടി ഒഴുകുന്ന മലയാളിയുടെ ഭീതിക്കുള്ള കാരണം. 

ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള അണക്കെട്ടുകളില്‍ ഒന്നാണ് മുല്ലപ്പെരിയാര്‍. ഇത് തന്നെയാണ് കേരളത്തിന് ആശങ്കയുണ്ടാക്കുന്നതും. ഓരോ തവണ അണക്കെട്ട് പരമാവധി സംഭരണശേഷിയിലേക്ക് അടുക്കുമ്പോഴും അണപൊട്ടുന്നത് കേരളത്തിന്റെ ആശങ്കയാണ്. കാലപഴക്കം ചെന്ന ഡാമിന് പകരം പുതിയ ഡാം നിര്‍മ്മിയ്ക്കണമെന്ന വാദം വിവിധ കോണുകളില്‍ നിന്ന് ശക്തമായി ഉയരുന്നുണ്ട്. രാഷ്ട്രീയ ഭേദമെന്യേ എല്ലാവരുടേയും പിന്തുണ ഈ ആവശ്യത്തിന് ബലമേകുന്നു. ലോകത്തില്‍ ഇന്ന് നിലവിലുള്ള ഉയരം കൂടിയ ഭൂഗുരുത്വ അണക്കെട്ടുകളില്‍ ഏറ്റവും പഴക്കമുള്ള അണക്കെട്ടാണ് മുല്ലപ്പെരിയാറിലേത്. നിര്‍മ്മാണ കാലഘട്ടത്തില്‍ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടായിരുന്നു മുല്ലപ്പെരിയാര്‍. സുര്‍ഖി മിശ്രിതം ഉപയോഗിച്ചു നിര്‍മ്മിച്ച അണക്കെട്ടുകളില്‍ ലോകത്ത് നിലവിലുള്ള ഏക അണക്കെട്ട് എന്ന പ്രത്യേകതയും ഇതിനുണ്ട്. എന്നാല്‍, പഴമയും-പാരമ്പര്യം-പുരാണവും വിളമ്പി ആത്മനിര്‍വൃതി നേടാന്‍ ഇന്ന് മലയാളിക്കാകുമോ എന്നതാണ് ചേദ്യം. \

മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന ആവശ്യങ്ങളില്‍ പലകുറി മലക്കം മറിഞ്ഞയാളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍, അണക്കെട്ട് അറ്റകുറ്റപ്പണികള്‍ ചെയ്ത് നിലനിര്‍ത്തിക്കൊണ്ട് പോകാനാകില്ലെന്നും എത്രയും വേഗം ഡീ-കമ്മിഷന്‍ ചെയ്യണമെന്നുമുള്ള ഭൂരിപക്ഷ ആവശ്യത്തിനൊപ്പം തന്നെയാണ് ഇന്ന് പിണറായി വിജയന്‍. മുല്ലപ്പെരിയാറിനെ ചൊല്ലിയുള്ള തര്‍ക്കം നിലവില്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. കേരളീയരുടെ സുരക്ഷയെ അധികരിച്ചുള്ള വാദങ്ങള്‍ക്ക് ഇനിയും മൂര്‍ച്ച കൂടേണ്ടതാണെന്ന അനുമാനത്തിലേക്ക് എത്തിക്കുന്നതാണ്, കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ നിന്നും കേരളത്തിനുണ്ടായ വിമര്‍ശനം വിരള്‍ ചൂണ്ടുന്നത്. 

വിവിധ സന്ദര്‍ഭങ്ങളില്‍ മൂന്നു ഘട്ടങ്ങളില്‍ ആയി നടത്തിയ ബലപ്പെടുത്തലുകള്‍ മുല്ലപ്പെരിയാറിനെ പുതിയ അണക്കെട്ട് പോലെത്തന്നെ ദൃഢമാക്കി എന്ന് സാങ്കേതിക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സുപ്രീംകോടതിയെ ബോദ്ധ്യപ്പെടുത്താന്‍ തമിഴ്‌നാടിന് സാധിച്ചു എന്നുള്ളത് കേരളം കാണേണ്ടതാണ്.  കോമ്പോസിറ്റ് ഡാമായി പരിഗണിക്കപ്പെടാവുന്ന മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമല്ലെന്നും, പൊളിച്ച് കളയണമെന്നുമുള്ള വാദത്തിന്റെ പ്രസക്തി നഷ്ടപ്പെടുന്നത് ഇവിടെയാണ്. ലോകത്ത് ഒരു അണക്കെട്ടും അറ്റകുറ്റപ്പണികള്‍ ചെയ്ത് നിലനിര്‍ത്തിക്കൊണ്ട് പോകാനാകില്ലെന്ന് വാദിക്കുന്നവരാണ് ഇപ്പുറത്തുള്ളത്. അണക്കെട്ടിന്റെ മേല്‍നോട്ടം കേരളത്തിനാകുമെന്നതുമാണ് തമിഴ്‌നാടിനെ പുതിയ അണക്കെട്ട് എന്ന പരിഹാരത്തില്‍ നിന്ന് പിന്നോട്ടുവലിക്കുന്ന ഘടകം. 

ജലനിരപ്പ് ക്രമപ്പെടുത്തിയതുകൊണ്ട് നിലവിലെ പ്രതിസന്ധിക്ക് പരിഹാരമായി എന്നുള്ള ചിന്ത അല്പത്തരമാണ്. കേരളവും തമിഴ്‌നാടും ചര്‍ച്ചകളിലൂടെ തീരുമാനം കൈക്കൊള്ളണമെന്ന സുപ്രീംകോടതി പരാമര്‍ശം മുന്നിലുണ്ട്. കേരളത്തിലെ ഇടതുപക്ഷത്തെ മാനിക്കുന്ന, പിണറായി വിജയനുമായി അടുത്ത സൗഹൃദം സൂക്ഷിച്ചു പോരുന്ന മുഖ്യമന്ത്രി സ്റ്റാലിനാണ് തമിഴ്‌നാട് ഭരിക്കുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് കേരളത്തില്‍ നിന്നും വെള്ളത്തിന് ക്ഷാമമുള്ള മധുര, തേനി തുടങ്ങിയ തമിഴ്ഭാഗങ്ങളിലേക്ക് ജലസേചനത്തിനായാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മിച്ചത്. അതിനാല്‍ തന്നെ, പുതിയ അണക്കെട്ടുണ്ടായാലും പരസ്പര ധാരണകളുടെ അടിസ്ഥാനത്തില്‍ ജല കൈമാറ്റം നടത്തി പ്രശ്‌നപരിഹാരം സാധ്യവുമാണ്. അപകടമുണ്ടായാല്‍ കേരളത്തിന്റെ ഘടനയെത്തന്നെ മാറ്റിമറിക്കുന്നതും ലക്ഷോപലക്ഷം ജീവനുകള്‍ക്ക് ആപത്തുണ്ടാക്കുന്നതുമായ ജലബോംബിനെ നേരിടാന്‍ കാര്യക്ഷമമായ നടപടികളാണ് ഭരണകൂടങ്ങളില്‍ നിന്നും നീതിന്യായ കേന്ദ്രങ്ങളില്‍ നിന്നും ജനം പ്രതീക്ഷിക്കുന്നത്. 

Leave a Reply