പുറത്തിറങ്ങി 24 മണിക്കൂർ തികയും മുൻപേ 17 ലക്ഷത്തിലധികം വ്യൂസ് നേടി യൂട്യൂബിൽ ഒന്നാമതായി ട്രെൻഡ് ചെയ്യുകയാണ് പ്രണവ് മോഹൻലാൽ ചിത്രം ഹൃദയത്തിലെ ദർശനാ എന്ന ഗാനം. ഹിഷാം അബ്ദുൽ വഹാബ്, ദർശന രാജേന്ദ്രൻ എന്നിവർ ചേർന്നാലപിച്ച ഗാനം സോഷ്യൽ മീഡിയയിൽ അടുത്തെങ്ങുമില്ലാത്ത വിധം തരംഗം തീർത്ത മലയാള ചലച്ചിത്രഗാനമായി മാറിയിരിക്കുകയാണ്.കോളേജ് പശ്ചാത്തലത്തിലെ പ്രണയഗാനമാണ്‌ ദർശന. പ്രണവ്, ദർശന രാജേന്ദ്രൻ എന്നിവരാണ് ഗാനരംഗത്തിൽ അഭിനയിച്ചിട്ടുള്ളത്.

ഹിഷാം തന്നെയാണ് ഗാനം ചിട്ടപ്പെടുത്തിയതും. മണിക്കൂറുകൾ കൊണ്ട് മലയാളികളുടെ മനംകവർന്ന ഗാനത്തിന്റെ ഉത്ഭവത്തെക്കുറിച്ച് സംവിധായകൻ വിനീത് ശ്രീനിവാസന്റെ വാക്കുകൾ കേൾക്കാം.

“ഞങ്ങളുടെ ഗാനത്തിന് നിങ്ങൾ നൽകുന്ന അതിരറ്റ സ്നേഹത്തിന് നന്ദി. ഹിഷാം അബ്ദുൽ വഹാബിന്റെ വീട്ടിലെ ചെറിയ സ്റ്റുഡിയോ മുറിയിൽ നിന്നും 2019 ജൂലൈ മാസത്തിലാണ് ദർശന ചിട്ടപ്പെടുത്തിയത്. മൈക്കിന്റെ മുന്നിൽ നിന്നുകൊണ്ട്‌ ആ ഗാനം ഒറ്റയടിക്ക് അവൻ പാടിത്തീർത്തപ്പോൾ അനുഭവിച്ച മാസ്മരികത ഞാൻ ഇപ്പോഴും ഓർക്കുന്നു. ഇത് പുറത്തിറങ്ങാൻ ഞങ്ങൾ ഏകദേശം രണ്ട് വർഷവും മൂന്നു മാസങ്ങളും കാത്തിരുന്നു.

ഹൃദയത്തിനു വേണ്ടി ഒട്ടേറെ ടെക്‌നീഷ്യന്മാരും സംഗീതജ്ഞരും പരിശ്രമിച്ചു. പ്രേക്ഷകർ വിലമതിക്കുന്ന ഒരു അനുഭവം അവർക്കു സമ്മാനിക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്‌ഷ്യം. ഈ സിനിമയ്ക്കായി, ഞങ്ങളുടെ ഹൃദയത്തിനായി, സർവവും സമർപ്പിക്കുന്നു.

ഞങ്ങളെ നിങ്ങളുടെ പ്രാർത്ഥനകളിൽ കൂട്ടുക. ഈശ്വരാനുഗ്രഹത്താൽ, ജനുവരി മാസത്തിൽ ഓഡിയോ കാസറ്റുകൾ എത്തും. സിനിമ ജനുവരിയിൽ പുറത്തിറങ്ങും. അതുവരെ ഞങ്ങളുടെ ഹൃദയം അൽപ്പാൽപ്പമായി നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കും” വിനീത് ശ്രീനിവാസന്റെ പോസ്റ്റിൽ പറയുന്നു.

Leave a Reply