‘കാരവന്‍ കേരള’യുടെ ഭാഗമായി സംസ്ഥാനത്തുടനീളം സ്ഥാപിക്കുന്ന പരിസ്ഥിതി സൗഹൃദമായ കാരവന്‍ പാര്‍ക്കുകള്‍ സന്ദര്‍ശകരുടെ സുരക്ഷയ്ക്കും ശുചിത്വത്തിനും കൂടുതല്‍ പ്രാധാന്യം നല്‍കുമെന്ന് ടൂറിസം മന്ത്രി ശ്രീ പിഎ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: വിനോദസഞ്ചാര മേഖലയിലെ നൂതന പദ്ധതിയായ ‘കാരവന്‍ കേരള’യുടെ (Caravan Kerala) ഭാഗമായി സംസ്ഥാനത്തുടനീളം സ്ഥാപിക്കുന്ന പരിസ്ഥിതി സൗഹൃദമായ കാരവന്‍ പാര്‍ക്കുകള്‍ (Caravan Parks) സന്ദര്‍ശകരുടെ സുരക്ഷയ്ക്കും ശുചിത്വത്തിനും കൂടുതല്‍ പ്രാധാന്യം നല്‍കുമെന്ന് ടൂറിസം മന്ത്രി ശ്രീ പിഎ മുഹമ്മദ് റിയാസ് പറഞ്ഞു.

പ്രാദേശിക സമൂഹത്തോടുള്ള പ്രതിബദ്ധതയും ഉത്തരവാദിത്തവുമാണ് കാരവന്‍ ടൂറിസം നയത്തെ വ്യത്യസ്‍തമാക്കുന്നത്. കാരവന്‍ പാര്‍ക്കുകള്‍ നിര്‍മ്മിക്കുന്നതില്‍ പ്രാദേശിക വിഭവങ്ങളുടെ സുസ്ഥിര ഉപയോഗത്തിനു നയം ഊന്നല്‍ നല്‍കുന്നുണ്ട്. ഇതുവരെയും കണ്ടെത്താത്ത സംസ്ഥാനത്തെ ആകര്‍ഷകമായ ടൂറിസം കേന്ദ്രങ്ങളെ അനുഭവവേദ്യമാക്കി കാരവന്‍ യാത്രക്കാര്‍ക്ക് താമസിക്കുന്നതിനും യാത്ര ചെയ്യുന്നതിനുമുള്ള അനന്തസാധ്യതയാണ് കഴിഞ്ഞ മാസം പ്രഖ്യാപിച്ച പങ്കാളിത്ത സൗഹൃദ കാരവന്‍ ടൂറിസം നയം പ്രദാനം ചെയ്യുന്നത്. പ്രാദേശിക സമൂഹത്തിന് പ്രയോജനകരമാകുന്ന  സുസ്ഥിര പ്രവര്‍ത്തനമായി ടൂറിസത്തെ മാറ്റുന്നതിനും മേഖലയിലെ അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും ഇത് പ്രയോജനപ്പെടും.

എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്ന ടൂറിസം കാരവനുകള്‍ സുരക്ഷിതവും സുഖപ്രദവുമായിരിക്കും. ഓരോ പ്രദേശത്തേയും സ്വാഭാവികതയ്ക്കും സംസ്കാരത്തിനും കോട്ടം വരുത്താത്ത ക്രമീകരണങ്ങളുള്ള സുസജ്ജമായ സുരക്ഷിത ഇടങ്ങളായിരിക്കും കാരവന്‍ പാര്‍ക്കുകള്‍. ആഡംബര നിര്‍മ്മിതികളൊന്നും കൂടാതെയുള്ള സ്വാഭാവിക ഇടങ്ങളായ  കാരവന്‍ പാര്‍ക്കുകളില്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനുള്ള പ്ലാന്‍റ് ഉണ്ടായിരിക്കും. കാരവനിലെ ആഡംബര അന്തരീക്ഷത്തെ പാര്‍ക്കിലെ സ്വാഭാവിക പ്രകൃതവുമായി സമന്വയിപ്പിക്കുകയാണ് പദ്ധതിയുടെ അടിസ്ഥാന പ്രമേയമെന്നും മന്ത്രി വ്യക്തമാക്കിയതായി ടൂറിസം വകുപ്പ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

ഗ്രാമത്തില്‍ തന്നെ താമസിച്ച് ഗ്രാമീണ ജീവിതം അനുഭവവേദ്യമാക്കാനാകുന്ന കാരവന്‍ ടൂറിസത്തിന്‍റെ സാധ്യത വളരെ വലുതാണ്. ഗ്രാമത്തിലെ നെല്‍വയല്‍ ആസ്വദിക്കല്‍, മത്സ്യബന്ധന സമൂഹത്തെ അടുത്തറിയല്‍, പരമ്പരാഗത വ്യവസായങ്ങളും കരകൗശലവിദ്യകളും മനസ്സിലാക്കല്‍ തുടങ്ങിയ  നിരവധി സാധ്യതകളാണ് മുന്നോട്ടുവയ്ക്കുന്നത്. പ്രാദേശിക സമൂഹത്തിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ചെറുകിട സൂക്ഷ്മ സംരംഭങ്ങള്‍ക്കും ആര്‍ട്ടിസ്റ്റുകള്‍ക്കും കുടുംബശ്രീ പോലുള്ള സംരംഭങ്ങള്‍ക്കും വാണിജ്യ അവസരങ്ങളും തൊഴില്‍ സാധ്യതയും ഉറപ്പാക്കുന്ന കേരളത്തിലെ വിജയകരമായ ഉത്തരവാദിത്ത ടൂറിസം ദൗത്യങ്ങളുമായി ഇതിനെ ബന്ധപ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാന ടൂറിസം മേഖലയില്‍ നിര്‍ണായകമാകുന്ന കാരവന്‍ ടൂറിസം നയത്തിന്‍റെ ഭാഗമായി കാരവനുകള്‍ വാങ്ങുന്നതിന് നിക്ഷേപ ധനസഹായം ഉള്‍പ്പെടെ ആകര്‍ഷകമായ ഇന്‍സെന്‍റീവുകള്‍ ലഭ്യമാക്കുന്നുണ്ട്.

സംസ്ഥാനത്തെ കാരവന്‍ ടൂറിസത്തെക്കുറിച്ച് രാജ്യത്തിനകത്തും പുറത്തും നിന്ന് മികച്ച പ്രതികരണങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് പ്രമുഖ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പറഞ്ഞു. അറിയപ്പെടാത്ത കേന്ദ്രങ്ങളിലേക്ക് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന കാരവന്‍ ടൂറിസത്തെ മുന്‍നിര്‍ത്തി ഇടകലര്‍ത്തിയുള്ള പാക്കേജുകള്‍ നടപ്പിലാക്കുമെന്ന് ഇന്‍റെര്‍സൈറ്റ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് മാനേജിംഗ് ഡയറക്ടര്‍ എബ്രഹാം ജോര്‍ജ് പറഞ്ഞു. സഞ്ചാരികള്‍ കുടുംബമായി എത്തുന്നതും തിരക്ക് കുറഞ്ഞ സ്ഥലങ്ങളില്‍ പോകാന്‍ താല്‍പര്യപ്പെടുന്നതുമായ പുത്തന്‍ പ്രവണത കണക്കിലെടുത്ത് കാരവനുകള്‍ക്ക് ആവശ്യക്കാരേറുമെന്നാണ് വിശ്വാസം. കാരവനുകള്‍ സുരക്ഷിതത്ത്വവും സ്വകാര്യതയും ഉറപ്പുവരുത്തുന്നതിനാല്‍ ഹണിമൂണാഘോഷിക്കുന്നവര്‍ക്ക് പ്രിയങ്കരമായി മാറും. നവദമ്പതികള്‍ക്ക് ഇതിനോടം തന്നെ കേരളം പ്രിയയിടമായി മാറിയതായും അദ്ദേഹം വ്യക്തമാക്കി.

ഒറ്റപ്പെട്ടതായോ, ഇടകലര്‍ത്തിയതായോ കാരവന്‍ ടൂറിസം പാക്കേജുകള്‍ തയ്യാറാക്കാനാകുമെന്ന് സ്പൈസ് ലാന്‍ഡ് ഹോളീഡെയ്സ്  മാനേജിംഗ് ഡയറക്ടര്‍ റിയാസ് യു.സി. പറഞ്ഞു. ഇടകലര്‍ത്തിയുള്ള പാക്കേജില്‍ രണ്ടുദിവസത്തേക്ക് കാരവന്‍ ടൂറിസത്തെ ഉള്‍പ്പെടുത്താനാകും. തുടര്‍ന്ന് ഹോപ് -ഓണ്‍, ഹോപ് -ഓഫ് നടപ്പിലാക്കി ചെലവു ചുരുക്കുന്നതിനുള്ള സാധ്യത തേടും. കൊവിഡ് ആഘാതത്തില്‍ നിന്നും മുക്തമാകാത്ത  ടൂറിസം മേഖലയ്ക്ക് കാരവന്‍ ടൂറിസം നടപ്പിലാക്കുന്നത്  ഏറെ ഫലപ്രദമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സോഫാ കം ബെഡ്, ഫ്രിഡ്‍ജും മൈക്രോവേവ് അവനും ഉള്‍ക്കൊള്ളുന്ന ചെറിയ അടുക്കള, തീന്‍മേശ, ശൗചാലയം, ഡ്രൈവര്‍ സീറ്റിനു പിന്നിലെ മറ, എയര്‍കണ്ടീഷണര്‍,  ഇന്‍റര്‍നെറ്റ് സൗകര്യം, ദൃശ്യ-ശ്രവ്യ സംവിധാനങ്ങള്‍, ചാര്‍ജിംഗ് സംവിധാനം, ജിപിഎസ് എന്നിവ ഉള്‍പ്പെടെ സുഖകരമായ താമസത്തിന് ആവശ്യമായ സജ്ജീകരണങ്ങള്‍ ടൂറിസം കരവനില്‍ ഉണ്ടായിരിക്കും. കാരവന്‍ പാര്‍ക്കുകള്‍ നിര്‍മ്മിക്കുന്നതിനുള്ള മാനദണ്ഡങ്ങളും നയത്തില്‍ വ്യക്തമാക്കുന്നുണ്ട്. സ്വകാര്യമേഖലയിലോ പൊതുമേഖലയിലോ അല്ലെങ്കില്‍ സംയുക്തമായോ കാരവന്‍ പാര്‍ക്കുകള്‍ വികസിപ്പിക്കണം. അടിസ്ഥാന മാനദണ്ഡങ്ങളുണ്ടെങ്കിലും പാര്‍ക്കുകളുടെ രൂപരേഖയ്ക്ക് പ്രദേശത്തിനനുസൃത മാറ്റങ്ങള്‍ വരുത്താം.

ടൂറിസം സീസണില്‍ മുഴുവന്‍ സമയവും കൂടാതെ ആവശ്യത്തിന് ഏതുസമയവും കാരവന്‍ പാര്‍ക്കുകള്‍ പ്രവര്‍ത്തനക്ഷമമായിരിക്കണം. പ്രധാന വീഥികളില്‍ നിന്നും പാര്‍ക്കിലേക്ക് സഞ്ചാരയോഗ്യമായ റോഡ് ഉണ്ടായിരിക്കണം. സ്ഥാപനം പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ എല്ലാ ലൈസന്‍സുകളും അഗ്നിശമനം, മാലിന്യ നിര്‍മാര്‍ജനം, വൈദ്യുതി, ജലം, മലിനീകരണ നിയന്ത്രണം തുടങ്ങിവയ്ക്കുള്ള അനുമതികളും പബ്ലിക് ലയബിലിറ്റി ഇന്‍ഷുറന്‍സും ലഭ്യമാക്കും. വിനോദസഞ്ചാരികള്‍ക്ക് സമ്മര്‍ദ്ദരഹിത അന്തരീക്ഷം പ്രദാനം ചെയ്യുന്ന  കാരവന്‍ പാര്‍ക്കുകള്‍ ചുറ്റുമതില്‍, പട്രോളിംഗ്, നിരീക്ഷണ ക്യാമറകള്‍ എന്നിവ സജ്ജമാക്കിയ സുരക്ഷിത മേഖലയാണ്. എല്ലാ കാരവന്‍ പാര്‍ക്കുകളിലും ഡ്രൈവര്‍മാര്‍ക്ക് താമസത്തിനുള്ള അനുയോജ്യമായ റൂം ഉറപ്പാക്കണമെന്നും പാര്‍ക്കില്‍ പ്രവേശിച്ചാലുടന്‍ തന്നെ പാര്‍ക്ക് മാനേജ്മെന്‍റിന് താക്കോല്‍ കൈമാറി അവര്‍ക്കായി ക്രമീകരിച്ചിട്ടുള്ള റൂമിലേക്ക് മാറണമെന്നും നിബന്ധനയുണ്ട്.

മലയോരങ്ങളിലും പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളിലും പാര്‍ക്കുകളില്‍ പ്രാദേശിക പൈതൃകത്തിനനുസൃതമായി ക്രിയാത്മകമായ വാസ്തുവിദ്യ ഉള്‍പ്പെടുത്തും. ആവശ്യമായ സൗകര്യങ്ങളുള്ള വീടുകളുടെ ഭാഗമായും തോട്ടങ്ങളിലും സംസ്ഥാന ടൂറിസം വികസന കോര്‍പ്പറേഷന്‍റെ പ്രോപ്പര്‍ട്ടികളിലും തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളിലുമാണ് കാരവന്‍ പാര്‍ക്കുകള്‍ പ്രവര്‍ത്തിക്കുക. 

Leave a Reply