സോഫ്റ്റ് കോൺടാക്റ്റ് ലെൻസ് (Soft Contact Lens) കണ്ടുപിടിച്ച ചെക്ക് രസതന്ത്രജ്ഞനായ (Chemist) ഓട്ടോ വിച്ചർലെയുടെ (Otto Wichterle) ജീവിതവും പൈതൃകവും പങ്കുവെച്ചാണ് ഇന്ന് ഗൂഗിൾ അതിൻ്റെ ഡൂഡിൽ (Google Doodle) ഒരുക്കിയിരിക്കുന്നത്. ഇന്ന്, ഒക്ടോബർ 27, ലോകമെമ്പാടുമുള്ള 140 ദശലക്ഷം ആളുകൾക്ക് ഉപകാരപ്രദമായ കോൺടാക്റ്റ് ലെൻസിന്റെ കണ്ടുപിടുത്തം നടത്തിയ മനുഷ്യന്റെ 108-ാം ജന്മദിനമാണ്. 1913-ൽ ചെക്ക് റിപ്പബ്ലിക്കിലെ (അന്നത്തെ ഓസ്ട്രിയ-ഹംഗറി) പ്രോസ്റ്റെജോവിൽ ഈ ദിവസമാണ് അദ്ദേഹം ജനിച്ചത്.

വിച്ചർലെ തന്റെ വിരൽത്തുമ്പിൽ ഒരു കോൺടാക്റ്റ് ലെൻസ് ഉയർത്തിപ്പിടിക്കുന്ന ചിത്രമാണ് ഇന്നത്തെ ഗൂഗിൾ ഡൂഡിൽ. പ്രകാശവും കാഴ്ചയും ഉൾക്കൊള്ളുന്ന ആശയം പങ്കുവെച്ചുള്ള മനോഹരമായ ഡൂഡിലാണ് വിച്ചർലെയുടെ സ്മരണയ്ക്കായിഗൂഗിൾ ഒരുക്കിയിരിക്കുന്നത്.

ചെറുപ്പം മുതലേ ശാസ്‌ത്രപ്രേമിയായിരുന്ന വിച്ചർലെ 1936 ൽ പ്രാഗ്‌ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ കെമിക്കൽ ടെക്‌നോളജിയിൽ (ICT) നിന്ന്‌ ഓർഗാനിക്‌ കെമിസ്ട്രിയിൽ ഡോക്ടറേറ്റ്‌ നേടി. 1950 കളിൽ പഠിച്ച സ്ഥാപനത്തിൽ തന്നെ പ്രൊഫസറായി ജോലി നോക്കവെയാണ് ഐ ഇംപ്ലാന്റുകൾക്കായി ആഗിരണം ചെയ്യാവുന്നതും ട്രാൻസ്പരൻ്റ് ആയതുമായ ജെൽ അദ്ദേഹം വികസിപ്പിച്ചെടുത്തത്.
പക്ഷേ രാഷ്ട്രീയ കലാപത്തെത്തുടർന്ന് വിച്ചർലെയെ ഐസിടിയിൽ നിന്ന് പുറത്താക്കി. തന്റെ വീട്ടിൽ വെച്ചുതന്നെ ഹൈഡ്രോജെൽ വികസിപ്പിക്കുന്ന പ്രവർത്തനം തുടരാൻ ഈ സംഭവം അദ്ദേഹത്തെ പ്രേരിപ്പിച്ചു. 1961- ലാണ് വിച്ചർലെ ആദ്യമായി സോഫ്റ്റ് കോൺടാക്റ്റ് ലെൻസുകൾ നിർമ്മിച്ചത്.

എണ്ണമറ്റ പേറ്റന്റുകളുടെ ഉടമയും ആജീവനാന്ത ഗവേഷകനുമെന്ന നിലയിൽ, 1993 ൽ ചെക്ക് റിപ്പബ്ലിക് രാജ്യം സ്ഥാപിതമായതിനെത്തുടർന്ന് അക്കാദമി ഓഫ് ചെക്ക് റിപ്പബ്ലിക്കിന്റെ ആദ്യത്തെ പ്രസിഡന്റായി വിച്ചർലെ തെരഞ്ഞെടുക്കപ്പെട്ടു. കോൺടാക്റ്റ് ലെൻസുകളുടെ ഉപജ്ഞാതാവ് എന്ന നിലയിലാണ് വിച്ചർലെ അറിയപ്പെടുന്നതെങ്കിലും, അദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങൾ അത്യാധുനിക മെഡിക്കൽ സാങ്കേതികവിദ്യകളായ “സ്മാർട്ട്” ബയോ മെറ്റീരിയലുകൾക്കും അടിത്തറ പാകി.

കണ്ണുകളുടെ ഉപരിതലത്തിൽ നേരിട്ട് സ്ഥാപിക്കുന്ന നേർത്ത ലെൻസുകളെയാണ് കോൺടാക്റ്റ് ലെൻസുകൾ, അല്ലെങ്കിൽ ലളിതമായി കോൺടാക്റ്റുകൾ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. കോണ്‍ടാക്ട് ലെന്‍സ് ഉപയോഗിക്കുന്നവരുടെ എണ്ണം അനുദിനം കൂടി വരികയാണ്. വളരെ ലാഘവത്തോടുകൂടിയാണ് പലപ്പോഴും ആളുകള്‍ ലെന്‍സ് ഉപയോഗിക്കുന്നത്. എന്നാല്‍ സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ കണ്ണ് നഷ്ടപ്പെടാന്‍ വരെ കാരണമാകുന്ന അപകടങ്ങള്‍ ഇവ വരുത്തിവെച്ചേക്കും. കോൺടാക്റ്റ് ലെൻസുകളുടെ ഉപജ്ഞാതാവിൻ്റെ ഈ ജന്മദിനത്തിൽ കോണ്‍ടാക്ട് ലെന്‍സ് ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കേണ്ടചില കാര്യങ്ങൾ പരിശോധിക്കാം

ഏറ്റവും വൃത്തിയോടെ വേണം കോണ്‍ടാക്ട് ലെന്‍സുകള്‍ സൂക്ഷിക്കാനും ഉപയോഗിക്കാനും. ഒരു കാരണവശാലും ലെന്‍സില്‍ വെള്ളം പറ്റാതിരിക്കാന്‍ ശ്രമിക്കണം. ലെന്‍സിന് പ്രത്യേകമായി നല്‍കുന്ന സൊല്യൂഷന്‍ ഉപയോഗിച്ച് വേണം ഇത് കഴുകാനും സൂക്ഷിച്ചുവെയ്ക്കാനും. ഇല്ലെങ്കില്‍ കണ്ണിന് അണുബാധയുണ്ടാകാന്‍ സാധ്യതയുണ്ട്.

കോണ്‍ടാക്ട് ലെന്‍സ് വാങ്ങുമ്പോള്‍ ആശുപത്രികളില്‍ നിന്നോ മെഡിക്കല്‍ സ്‌റ്റോറുകളില്‍ നിന്നോ ഡോക്ടര്‍മാരുടെ പ്രത്യേക നിര്‍ദേശപ്രകാരം മാത്രം വാങ്ങാന്‍ ശ്രദ്ധിയ്ക്കുക. ഭംഗിക്ക് വേണ്ടി കോസ്റ്റ്യൂം ഷോപ്പുകളില്‍ നിന്ന് വാങ്ങി ലെന്‍സുപയോഗിക്കുന്നത് കൂടുതല്‍ അപകടങ്ങള്‍ വിളിച്ചുവരുത്തുകയേ ഉള്ളൂ.

Leave a Reply