ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ മന്ത്രിമാര്‍ക്കെതിരെ നടന്ന പ്രതിഷേധത്തിനിടയിലുണ്ടായ വാഹനാപകടത്തില്‍ 8 പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. മരിച്ചവരില്‍ നാല് പേര്‍ കര്‍ഷകരും, മറ്റുള്ളവര്‍ ഇടിച്ച വാഹനത്തിലുള്ളവരാണെന്നുമാണ് ലഖിംപൂര്‍ എഎസ്പിയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. വാഹനം ഓടിച്ച് കയറ്റി നാല് കര്‍ഷകരെ കൊന്നെന്നാണ് കര്‍ഷക സംഘടനകള്‍ ആരോപിക്കുന്നത്. ഇവിടെ കഴിഞ്ഞ ദിവസങ്ങളില്‍ മഹാപഞ്ചായത്ത് നടത്തി കര്‍ഷകര്‍ പ്രതിഷേധിച്ചിരുന്നു. ഇന്നലെ യുപി ഉപമുഖ്യമന്ത്രിയും കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയും പങ്കെടുത്ത പരിപാടിയിലേക്ക് കര്‍ഷകര്‍ പ്രതിഷേധവുമായെത്തിയതാണ് പ്രശ്‌നങ്ങളില്‍ കലാശിച്ചത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകന്‍ വാഹനം ഓടിച്ച് കയറ്റുകയായിരുന്നുവെന്നാണ് കര്‍ഷകരുടെ ആരോപണം. എന്നാല്‍ മകന്‍ സംഭവസ്ഥലത്തില്ലായിരുന്നെന്നും കര്‍ഷകരുടെ കല്ലേറില്‍ വാഹന വ്യൂഹത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നും കേന്ദ്രസഹമന്ത്രി അജയ് മിശ്ര പ്രതികരിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് കര്‍ഷക സംഘടനകള്‍ ഇന്ന് രാജ്യവ്യാപക പ്രതിഷേധം ആഹ്വാനം ചെയ്തു.

Leave a Reply