ഇന്ത്യയിലെ ശിശുമരണനിരക്ക് (Infant Mortality Rate) ഗണ്യമായി കുറയുന്നുവെന്ന് കണക്കുകള്‍. 2009 നും 2019 നും ഇടയില്‍ 50 ല്‍ നിന്ന് 30 ലേക്ക് കുത്തനെയുള്ള ഇടിവോടെ ശിശുമരണനിരക്കില്‍ ഇന്ത്യ (India) ഗണ്യമായ പുരോഗതി രേഖപ്പെടുത്തി. എന്നിരുന്നാലും, കഴിഞ്ഞ അഞ്ച് വര്‍ഷമായി ഈ രംഗത്തെ രാജ്യത്തിന്റെ വളര്‍ച്ച മന്ദഗതിയിലാണ്. കണക്കുകള്‍ പ്രകാരം ഏറ്റവും മികച്ച് നില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ കേരളമാണ് (Kerala) ഒന്നാമത്. സാമ്പിള്‍ രജിസ്ട്രേഷന്‍ സംവിധാനം (എസ്ആര്‍എസ്) അടുത്തിടെ പുറത്തുവിട്ട ഡാറ്റയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. യുഎസിന് തുല്യമായ ശിശുമരണ നിരക്കുമായി കേരളം (6) മറ്റ് സംസ്ഥാനങ്ങളെഅപേക്ഷിച്ച് ബഹുദൂരം മുന്നിലാണെന്ന് എസ്ആര്‍എസ് പട്ടിക വെളിപ്പെടുത്തുന്നു.

ഒരു ശിശു ഒരു വയസ്സ് ആകുന്നതിന് മുമ്പ് മരിക്കുന്നതിനെയാണ് ശിശുമരണനിരക്ക് എന്ന് നിര്‍വചിക്കുന്നത്. ഇത് പ്രകാരം ഓരോ 1,000 കുഞ്ഞുങ്ങളുടെ ജനനങ്ങളെ അടിസ്ഥാനമാക്കിയാണ് ശിശുമരണങ്ങളുടെ എണ്ണം കണക്കാക്കുന്നത്. അയല്‍ രാജ്യങ്ങളായ ബംഗ്ലാദേശിനെയും നേപ്പാളിനെയും അപേക്ഷിച്ച് ഇന്ത്യയുടെ ശിശുമരണനിരക്ക് ഉയര്‍ന്നതാണ്. ബംഗ്ലാദേശിന്റെയും നേപ്പാളിന്റെയും ശിശുമരണനിരക്ക് 26 (രണ്ട് രാജ്യങ്ങളുടെയും) ആണ്. എന്നാല്‍ പാകിസ്ഥാനേക്കാള്‍ മികച്ചതാണ് ഇന്ത്യയിലെ അവസ്ഥ. കേരളം, ഡല്‍ഹി, തമിഴ്നാട്, മഹാരാഷ്ട്ര എന്നി നാല് സംസ്ഥാനങ്ങള്‍ ഒഴിച്ച് ബാക്കിയുള്ള എല്ലാ സംസ്ഥാനങ്ങളുടെയും അവസ്ഥ മോശമാണ്.

രാജ്യത്തെ ഏറ്റവും മോശം ശിശുമരണ നിരക്ക് മധ്യപ്രദേശിലാണ്. 46 ആണ് ഇവിടുത്തെ ശിശുമരണ നിരക്ക്. സുഡാനേക്കാളും യെമനേക്കാളും മോശമാണ് മധ്യപ്രദേശിലെ അവസ്ഥ. ഏറ്റവും മോശം അവസ്ഥയുള്ളസംസ്ഥാനങ്ങളില്‍ ശിശുമരണനിരക്ക് കുറയുന്നതില്‍ മാന്ദ്യം രേഖപ്പെടുത്തിയിട്ടുണ്ട് എന്നതാണ് ആശങ്കാജനകമായ മറ്റൊരു കാര്യം. എന്നാല്‍ ഈക്കാര്യത്തില്‍ ബിഹാര്‍ (നിരക്ക് 29 ആയി കുറഞ്ഞു) വേറിട്ടുനില്‍ക്കുവെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്.

Leave a Reply