ആമാശയത്തിലെ ക്യാന്‍സര്‍ പൊതുവില്‍ വര്‍ഷങ്ങളെടുത്താണ് രൂപപ്പെടുന്നത്. അതിനാല്‍ തന്നെ ഇത് തിരിച്ചറിയാന്‍ ഏറെ സമയമെടുക്കുകയും ചികിത്സ വൈകി മറ്റ് ശരീരഭാഗങ്ങളിലേക്ക് ക്യാന്‍സര്‍ പരുകയും ചെയ്യുന്ന സംഭവങ്ങള്‍ നിരവധിയാണ്. കരള്‍, ശ്വാസകോശങ്ങള്‍, എല്ലുകള്‍ എന്നിവിടങ്ങളിലേക്കെല്ലാം ആമാശയത്തില്‍ നിന്ന് ക്യാന്‍സര്‍ പടരാം. ആമാശയകലകളെയുണ്ടാക്കുന്ന ഡിഎന്‍എ കോശങ്ങളില്‍ മാറ്റം വരുന്നതോടെയാണ് ക്യാന്‍സര്‍ ആരംഭിക്കുന്നത്. ഈ മാറ്റങ്ങള്‍ മൂലം കോശങ്ങള്‍ പെട്ടെന്ന് വളരുകയും ഇരട്ടിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് ഇവ കൂടിച്ചേര്‍ന്ന് ട്യൂമറായി രൂപാന്തരപ്പെടുകയാണ് ചെയ്യുന്നത്. അമിതവണ്ണം, പാരമ്പര്യം, എ- ടൈപ്പ് രക്തം, ഉപ്പ് അധികമായി ചേര്‍ന്ന ഭക്ഷണം അതുപോലെ സ്‌മോക്ക്ഡ് ഫുഡ് അധികമായി കഴിക്കുന്നത്, പഴങ്ങളും പച്ചക്കറികളും കുറഞ്ഞ ഡയറ്റ് ദീര്‍ഘകാലം പിന്തുടരുന്നത്, ചില അണുബാധകള്‍, പതിവായ പുകവലി, മറ്റ് ഗ്യാസ്‌ട്രോ പ്രശ്‌നങ്ങള്‍ എന്നിങ്ങനെ പല കാരണങ്ങള്‍ ആമാശയത്തിലെ ക്യാന്‍സറിലേക്ക് നീളാം. നെഞ്ചെരിച്ചില്‍, ഓക്കാനം വരിക, വിശപ്പില്ലായ്മ, ദഹനപ്രശ്‌നം, വയറുവേദന, മലത്തില്‍ രക്തം, ശരീരഭാരം നന്നായി കുറയുക, ഭക്ഷണം വിഴുങ്ങാന്‍ പ്രയാസം, വയറ് വീര്‍ത്ത് കാണപ്പെടുക, ചര്‍മ്മത്തിലും കണ്ണുകളിലുമെല്ലാം മഞ്ഞനിറം പടരുക, ഛര്‍ദ്ദി എന്നിവയെല്ലാം ആമാശയത്തിലെ ക്യാന്‍സറിന്റെ ചില സൂചനകളാണ്.

Leave a Reply